(www.kl14onlinenews.com)
(02-October -2024)
വൈകാരികത ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ അർജുന്റെ കുടുംബം,
കോഴിക്കോട്: അർജുന്റെ പേരിൽ പണപ്പിരിവുൾപ്പടെ ലോറിയുടമ മനാഫ് നടത്തുന്നുവെന്ന് ഗുരുതര ആരോപണങ്ങളുമായി അർജുന്റെ കുടുംബം രംഗത്ത്. ഇനിയും ഇത്തരം നടപടികളുമായി മുന്നോട്ട് പോയാൽ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. തിരച്ചിലിന്റെ മൂന്നാം ഘട്ടത്തിൽ ഈശ്വർ മാൽപ്പയും മനാഫും ഒത്തുകളിച്ചെന്നും കുടുംബം ആരോപിക്കുന്നു. അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.
"മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കടുംബം നേരിടുന്നതെന്ന് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.കർണാടകത്തിലെയും കേരളത്തിലെയും സർക്കാരുകളുടെ ശ്രമത്തിന്റെ ഫലം ആണ് അർജുനെ കിട്ടിയത്. പല ആളുകളും കുടുംബത്തിൻറെ വൈകാരികതയെ ചൂഷണം ചെയ്യുകയാണ്. വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണ്. അഞ്ജുവിന് എതിരെ സൈബർ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്. അർജുന് 750000 രൂപ ശമ്പളം ഉണ്ടെന്ന് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിൻറെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്മാറണം".- ജിതിൻ പറഞ്ഞു
അർജുൻ നഷ്ടപ്പെട്ടുവെന്നത് യഥാർഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ. ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ടുവരികയാണ്".- അർജുൻറെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.
മനാഫിന്റെ കൂടെ വീട്ടിൽ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അർജുൻറെ ബൈക്ക് നേരത്തെ നന്നാക്കാൻ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്നും യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടർന്നാൽ പ്രതികരിക്കും. തിരച്ചിൽ ഘട്ടത്തിൽ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശനങ്ങൾ അവരോട് പറഞ്ഞിരുന്നു".- ജിതിൻ ആരോപിച്ചു
"ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് തിരച്ചിൽ നടന്നിടത്ത് ഞങ്ങൾ നിന്നത്. തിരച്ചിലിന്റെ മൂന്നാംഘട്ടത്തിൽ ഈശ്വർ മൽപെയും മനാഫും നാടകം കളിച്ചു. തുടർന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി. നിങ്ങൾ പരാതി നൽകിയാൽ മനാഫിനെ ആ നിമിഷം ഇവിടെ നിന്ന് ഓടിക്കാമെന്ന് എസ്പി പറഞ്ഞിരുന്നു. അവർക്കും കാര്യങ്ങൾ മനസ്സിലായി. മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച".- ജിതിൻ ആരോപിച്ചു.
ആരോപണങ്ങൾ തെളിയിക്കട്ടെയെന്ന് മനാഫ്
അതേസമയം, യുട്യൂബ് ചാനൽ തുടങ്ങുന്നതിൽ എന്താണ് തെറ്റെന്ന് മനാഫ് പ്രതികരിച്ചു. "ചിത അണയുന്നതിന് മുൻപ് തന്നെ ക്രൂശിക്കുന്നത് എന്തിനാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഫണ്ട് പിരിവ് നടത്തിയിട്ടില്ല. യുട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടും. തന്റെ ലോറിയ്ക്ക് അർജുൻ എന്ന് തന്നെ പേര് നൽകും"-മനാഫ് പ്രതികരിച്ചു
Post a Comment