(www.kl14onlinenews.com)
(17-Sep -2024)
നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ,26 പേര്‍ ഹൈറിസ്ക് പട്ടികയില്‍; 13 പേരുടെ പരിശോധന ഫലം നെഗറ്റീവ്
മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ചൊവ്വാഴ്ചയും ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. തിങ്കളാഴ്ച നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും.
നിയന്ത്രണങ്ങൾ തുടരുന്നു
മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്‌മെന്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. പൊതു ജനങ്ങൾ കൂട്ടംകൂടാൻ പാടില്ല. തിയേറ്ററുകൾ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളിലും മമ്പാട്ടെ എഴാം വാർഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാൽ സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ പ്രവർത്തിക്കാത്തത് ആശ്വാസകരമാണ്.
വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. തുടർന്ന് സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്.
നിപ: 26 പേര്‍ ഹൈറിസ്ക് പട്ടികയില്‍; 13 പേരുടെ പരിശോധന ഫലം നെഗറ്റീവ്
നിപ ബാധിച്ച മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് മന്ത്രി വീണാ ജോർജ്.
26 പേര്‍ ഹൈറിസ്ക് പട്ടികയിലാണ്. സമ്പര്‍ക്ക പട്ടികയിലുള്ളത് 178പേരാണ്. 13പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.
ഹൈറിസ്ക് പട്ടികയിലുള്ളവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിത്തുടങ്ങി. രോഗലക്ഷണമുള്ള മുഴുവന്‍പേരുടെയും സാംപിള്‍ പരിശോധിക്കുമെന്നും മന്ത്രി.
Post a Comment