(www.kl14onlinenews.com)
(14-Sep -2024)
കാസർകോട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം
പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുകയാണ്.
കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഇടിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട് ഇവിടേക്ക് എത്തിയതായിരുന്നു. റെയിൽവേ പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തിയതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.
മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നത് മുപ്പതോളം ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ ചിലർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുണ്ട്. മറ്റുള്ളവർ കോട്ടയത്തേക്ക് മടങ്ങി.
Post a Comment