(www.kl14onlinenews.com)
(26-Sep -2024)
അര്‍ജുന്റെ ലോറി പൂര്‍ണ്ണമായും കരയ്ക്ക് കയറ്റി: ക്യാബിനുളളിൽ
വസ്ത്രങ്ങളും
ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു.
ഇന്നലെ ലോറി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു. ക്യാബിനില്‍ നിന്ന് കൂടുതല്‍ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വസ്തുക്കള്‍ ജിതിന്‍ പരിശോധിച്ചു.
ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. അര്‍ജുന്‍ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി
ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവുകളും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു
72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തുന്നത്. പോയിന്റ് CP2 വില നിന്നാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയിൽനിന്ന് ലഭിച്ചത്. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്
Post a Comment