(www.kl14onlinenews.com)
(04-Sep -2024)
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്‌ക്കെതിരായി പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ സിപിഎം പരിശോധിക്കും. അടുത്ത സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിൽ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യും. ബുധനാഴ്ച രാവിലെ അൻവർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു. ആരോപണങ്ങൾ സംബന്ധിച്ചുള്ള വിശദമായ പരാതിയും സംസ്ഥാന സെക്രട്ടറിയ്ക്ക് അൻവർ കൈമാറി. ഇതിന് പിന്നാലെയാണ് പി ശശിയ്‌ക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയത്.
'പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ കർശന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിക്കുന്നത്. ആരോപണം അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അൻവർ പറഞ്ഞത് അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളും അനുഭവങ്ങളുമാണ്. അവ പറയുന്നതിൽ തെറ്റില്ല. അതൊന്നും എൽഡിഎഫിനെ ബാധിക്കുന്ന കാര്യങ്ങളുമല്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളുൾപ്പെടെ പരിശോധിക്കും. തെറ്റുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും'. -സിപിഎമ്മിന്റെ ഔദോഗീക ഫെയ്‌സ് ബുക്ക് പേജിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
സർക്കാരും പാർട്ടും തീരുമാനിക്കുമെന്ന് അൻവർ
താൻ ഉന്നയിച്ച ആരോപണങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയെന്ന് പി വി അൻവർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. "അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചു. അതിന് മറുപടി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് ആണ്പാർട്ടി സെക്രട്ടറിക്കും നൽകിയത്. ബാക്കിയുള്ള കാര്യങ്ങൾ സർക്കാരും പാർട്ടിയും തീരുമാനിക്കും".
എഡിജിപിയെ മാറ്റി നിർത്തിയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് ഇന്നലെയല്ലേ പരാതി കൊടുത്തിട്ടുള്ളത്. ഇത് പഠിക്കേണ്ടേ?. അതിന് നടപടിക്രമമില്ലേ എന്ന് അൻവർ ചോദിച്ചു.
"ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിശ്വസിച്ച് ഏൽപ്പിച്ചവർ ആ വിശ്വാസ്യത നിറവേറ്റിയില്ല. വിശ്വസിച്ച് ഏൽപ്പിച്ചവനെ എപ്പോഴും ചതിക്കാം. വിശ്വസിച്ച് ഏൽപ്പിച്ചവൻ അല്ല അതിന് ഉത്തരവാദി. വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട വ്യക്തി ചതിച്ചിട്ടുണ്ടെങ്കിൽ അവരാണ് ഉത്തരവാദി എന്നാണ് താൻ വിശ്വസിക്കുന്നത്".അൻവർ പറഞ്ഞു.
അന്വേഷണം എങ്ങോട്ട് പോകുന്നെന്ന് നോക്കാം
"അന്വേഷണം എങ്ങോട്ടു പോകുന്നെന്ന് നമുക്ക് നോക്കാം. ആ ഘട്ടത്തിൽ ഇടപെടാം. അന്വേഷിക്കുന്നവർ സത്യസന്ധമായിട്ടല്ല അന്വേഷിക്കുന്നതെങ്കിൽ, ആരോപണ വിധേയർക്ക് വിധേയനായിട്ടാണ് അന്വേഷിക്കുന്നതെങ്കിൽ അവർ സമൂഹത്തിന് മുന്നിൽ ഉത്തരം പറയേണ്ടി വരും. അതിനും താൻ മുന്നിലുണ്ടാകും. അങ്ങനെ കള്ള അന്വേഷണം നടത്തി ആരെയെങ്കിലും രക്ഷപ്പെടുത്തി കളയാമെന്ന് ഈ അന്വേഷണ സംഘത്തിൽ തീരുമാനിച്ചാൽ അതും പുറത്തു വരും. പബ്ലിക്കായി അതു ചോദിക്കും.
താൻ ഉന്നയിച്ച വിഷയങ്ങൾ കേരള പൊലീസിന് തന്നെ അന്വേഷിച്ച് വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന, ഈ പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള അടിയുറച്ച സഖാവാണ് താൻ. അതുകൊണ്ട് ഒരു വിദേശ ഏജൻസിയോ ദേശീയ ഏജൻസിയോ അന്വേഷിക്കേണ്ടതില്ല"- പി വി അൻവർ പറഞ്ഞു
Post a Comment