(www.kl14onlinenews.com)
(19-Sep -2024)
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. അതിഷി മുഖ്യമന്ത്രിയാവുന്നതോടെഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ. അതിഥി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ കാബിനറ്റ് മന്ത്രിമാർക്ക് മാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നിലവിൽ ഡൽഹി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. നിലവിലെ മന്ത്രിസഭാംഗങ്ങളിൽ ആരെയും മാറ്റില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർ തുടരും. 13 വകുപ്പുകളായിരിക്കും അതിഷി കൈകാര്യം ചെയ്യുകയെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞു.
അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനം അരവിന്ദ് കേജ്‌രിവാൾ നടത്തിയത്. സ്ഥാനം ഒഴിയുന്ന അരവിന്ദ് കേജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. എഎപി എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോർട്ടുകൾ.
പുതിയൊരാൾ മുഖ്യമന്ത്രിയായി വരുന്നതോടെ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ഭരണസ്തംഭനത്തിന് അറുതി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതോടെ സംസ്ഥാനത്ത് മാസങ്ങളായി ഭരണ പ്രതിസന്ധി തുടരുകയാണ്. പ്രധാനപ്പെട്ട ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രി അധ്യക്ഷനും ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അംഗങ്ങളുമായ സമിതിയുടെ അവസാന യോഗം ചേർന്നത്. പുതിയ മുഖ്യമന്ത്രി വരുന്നതോടെ ഭരണതലത്തിലെ പ്രതിസന്ധികൾ മറിക്കടക്കാനുകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
إرسال تعليق