(www.kl14onlinenews.com)
(21-Sep -2024)
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പൊലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്‍റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താല്‍പര്യത്തിന് വേണ്ടി പൊലീസുകാരെ പലതരം ഇടനിലകള്‍ക്കായി ഉപയോഗിച്ചതിന്‍റെ മുന്‍കാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ദൗത്യവുമായി പൊലീസിനെ അയക്കുന്ന പരിപാടി ഞങ്ങളുടേതല്ല. വി.ഡി.സതീശന്‍ ആ പഴയ കാലം മറന്ന് തുടങ്ങിയെങ്കില്‍ ചിലത് അദ്ദേഹം ഓര്‍ക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post a Comment