(www.kl14onlinenews.com)
(06-Sep -2024)
മലപ്പുറം: കേരള പൊലീസ് സേനയിലെ ക്രിമിനലുകൾക്കെതിരെ താൻ നൽകിയ പരാതികളിൽ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നൽകി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാറിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
പരാതിയിൽ പറയുന്ന പ്രധാന കാര്യം സ്വർണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളുമെന്നതാണ്. ഇക്കാര്യം വാർത്താ സമ്മേളനത്തിലും സൂചിപ്പിച്ചതാണ്. നാളെ തൃശ്ശൂർ ഡിഐജി തന്റെ മൊഴിയെടുക്കും. അന്വേഷണത്തിൽ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പൊലീസിൽ പുഴുക്കുത്തുകളുണ്ട്. തൃശ്ശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥൻ എന്നാണ് മനസ്സിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷ. ഐ ജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ലകാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ പി വി അൻവർ വാട്സ്ആപ്പ് നമ്പർ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുൻ മലപ്പുറം എസ്.പി സുജിത് ദാസിനും അദ്ദേഹത്തിന്‍റെ ഡാൻസാഫ് സംഘത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് അൻവർ നടത്തിയത്. എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിന്‍റെ മരണത്തിൽ പൊലീസിന് പങ്കുണ്ടെന്ന് സംശയിക്കുന്നു. രാത്രി പത്ത് മണി കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നൽകാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് പൊലീസ് ഈ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിന്‍റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു
കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് മൂന്നു വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്. പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
റിദാൻ വധക്കേസിൽ തെളിവ് നശിപ്പിക്കാൻ സാധ്യത കൂടുതലാണ്, കേസന്വേഷണം തിരിച്ചുവിടാന്‍ പൊലീസിലെ ചിലർ ശ്രമിക്കും. റിദാന്റെ ഭാര്യയും പ്രതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചു. ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയായ പെണ്‍കുട്ടിയെ ഭീകരമായി മർദിച്ചു. കേസിലെ നിർണായകമായ രണ്ട് ഫോണുകൾ കണ്ടെത്തിയില്ല. കേസില്‍ പുനരന്വേഷണമോ, സി.ബി.ഐ അന്വേണമോ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നാലുദിവസം അരിച്ചുപെറുക്കിയ ഷാന്റെ വീട്ടിൽ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തതിൽ ദുരൂഹതയുണ്ടെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകൾ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കൾ ഇത്തരത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. മൊഴിയെടുക്കാൻ വരുന്ന ഐ.ജിയുടെ മുമ്പിൽ എല്ലാം തെളിവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയത് ഒരേ പരാതിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞതാണ് വാസ്തവമെന്നും പിവി അൻവർ പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് പരസ്യമായി പരാതി ഉന്നയിച്ചത് പാർട്ടി സിസ്റ്റത്തിനെതിരാണ്. അത് ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണെന്നും എന്നാൽ താൻ പൊതുപ്രവർത്തകനെന്ന നിലയിലാണ് ആരോപണം ഉന്നയിച്ചതെന്നും പി.വി. അൻവർ പറഞ്ഞു
Post a Comment