(www.kl14onlinenews.com)
(28-Sep -2024)
ആലപ്പുഴ: കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന സൂര്യന്റെ കിരണങ്ങൾ പുന്നമടയിലെ ഓളങ്ങളിൽ വെട്ടിത്തിളങ്ങുമ്പോൾ ഓളങ്ങളെ കീറിമുറിച്ച് ആര് വെള്ളിക്കപ്പിൽ മുത്തമിടുമെന്ന് ആകാംക്ഷയിൽ നാട്. നെഹ്‌റു ട്രോഫി മത്സരവള്ളകളിക്ക് ഇനി മണിക്കൂറുകൾ മാത്രം. എഴുപതാമത് നെഹ്‌റുട്രോഫി വള്ളം കളിയിൽ 74 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇതിൽ 19 എണ്ണം ചുണ്ടൻവള്ളങ്ങളാണ്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ രാവിലെ പത്തിന് തുടങ്ങും. ഫൈനൽ മത്സരം മാത്രമാണ് ഉച്ചകഴിഞ്ഞ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് ശേഷം ജലോത്സവം ഉദ്ഘാടനം ചെയ്യും.
ചുണ്ടൻവള്ളങ്ങൾക്ക് അഞ്ച് ഹീറ്റ്‌സ്
ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളായിട്ടാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരക്രമം. ഹീറ്റ്‌സ് ഒന്നിൽ പായിപ്പാടൻ നമ്പർ 2,ആലപ്പാടൻ, ആയാപറമ്പ് പാണ്ടി, ആനാരി എന്നിവ മത്സരിക്കും. ഹീറ്റ്‌സ് രണ്ടിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്റെ് ജോർജ്, ജവഹർ തായങ്കരി എന്നിവ മാറ്റുരയ്ക്കും.
ഹീറ്റ്‌സ് മൂന്നിൽ ചെറുതന ചുണ്ടൻ,തലവടി ചുണ്ടൻ, സെന്റ് പയസ് ടെൻത്, പായിപ്പാടൻ എന്നിവയും ഹീറ്റ്‌സ് നാലിൽ നിരണം ചുണ്ടൻ, വീയപുരം, നടുഭാഗം, കരുവാറ്റ എന്നിവരും മാറ്റുരയ്ക്കും. ഹീറ്റ്‌സ് അഞ്ചിൽ വലിയദിവാൻജി, മേൽപ്പാടം, കാരിച്ചാൽ എന്നിവരും മത്സരിക്കും.
കപ്പുയർത്താൻ ക്ലബുകൾ
തുടർച്ചയായി അഞ്ച് വർഷമായി ഉയർത്തുന്ന കപ്പ് വിട്ടുകൊടുക്കാതിരിക്കാനുള്ള മരണപോരാട്ടത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്. ഏറ്റവും കുടുതൽ പ്രാവശ്യം നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് കാരിച്ചാൽ ചുണ്ടനിലാണ് പിബിസി ഇക്കുറി മത്സരത്തിനിറങ്ങുന്നത്. വിജയിച്ചാൽ കാരിച്ചാൽ ചുണ്ടന് പതിനാറമത്തെ നെഹ്‌റുട്രോഫിയായിരിക്കും ഇത്
കൈവിട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുണെറ്റഡ് ബോട്ട് ക്ലബ്. നെഹ്‌റു ട്രോഫി ഏറ്റവും കുടുതൽ പ്രാവശ്യം നേടിയ ക്ലബായ യുബിസി ഇക്കുറി തലവടി ചുണ്ടനിലാണ് മാറ്റുരയ്ക്കുന്നത്. കുമരകം ബോട്ട് ക്ലബ്, കുമരകം ടൗൺ ബ്ലോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ജീസസ് ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ് അടക്കം പ്രമുഖ തൊഴച്ചിൽ ക്ലബുകൾ വിവിധ ചുണ്ടൻ വള്ളങ്ങളിൽ മത്സരത്തിന് മാറ്റുരയ്ക്കുന്നുണ്ട്.
എവിടെ കാണാം
ദുരദർശൻ നെഹ്‌റുട്രോഫി മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. നെഹ്‌റു ട്രോഫി ബ്ലോട്ട് ക്ലബിന്റെ ഔദോഗീക ഫെയ്‌സ് ബുക്ക്, യുട്യൂബ് ചാനൽ വഴിയും മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ഒരുക്കങ്ങൾ പൂർത്തിയായി
കൃത്യം രണ്ടുമണിക്ക് തന്നെ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിക്കുമെന്ന് ആലപ്പുള കലക്ടർ പറഞ്ഞു. വൈകിട്ട് 5.30 ന് പൂർത്തിയാകും. ട്രാക്കിന്റെയും പവലിയന്റെയും പ്രവർത്തികളും പൂർത്തിയായി. വി.വി.ഐ.പി., വി.ഐ.പി. പവലിയൻ, പ്ലാറ്റിനം കോർണർ, ടൂറിസ്റ്റ് ഗോൾഡ്, റോസ് പവലിയൻ എന്നിങ്ങനെ പവലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്
മത്സരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും ഒരുക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുമ്പോൾ വെടിപൊട്ടൽ ശബ്ദത്തോടൊപ്പം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്റ്റാർട്ടിങ് പോയിന്റിലെ നാല് വള്ളങ്ങൾ ഒരേ സമയം റിലീസ് ചെയ്യും. ഇതേസമയം തന്നെ വള്ളങ്ങൾ ഫിനിഷ് ചെയ്യാൻ എടുക്കുന്ന സമയം ആരംഭിക്കും. ഫിനിഷിംഗ് പോയിന്റിൽ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് വള്ളങ്ങൾ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തും. സ്റ്റാർട്ടിങ് ഡിവൈസിന്റെയും സമയത്തിന്റെയും കൃത്യത പരിശോധിക്കുന്നതിന് വെള്ളിയാഴ്ച ട്രയൽ റൺ നടത്തും. 1150 മീറ്റർ ട്രാക്കിൽ ഇതിനോടകം കുറ്റിയടിച്ചു കഴിഞ്ഞു. മത്സരഫലം തൽസമയം അറിയുന്നതിനായി പവലിയനിലും ഫിനിഷിംഗ് പോയിന്റിലും എൽ.ഇ.ഡി. വാൾ ഒരുക്കും.
ഇന്ന് അവധി
നെഹ്‌റു ട്രോഫി വള്ളംകളി മത്സരം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം കണക്കിലെടുത്ത് ആലപ്പുഴ നഗരത്തിൽ ജില്ലാ ഭരണകൂടം രാവിലെ മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment