ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, വയനാട്ടില്‍ വാഹനാപകടത്തിൽ പരുക്കേറ്റ ജെൻസന്‍ മരിച്ചു

(www.kl14onlinenews.com)
(11-Sep -2024)

ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, വയനാട്ടില്‍ വാഹനാപകടത്തിൽ പരുക്കേറ്റ ജെൻസന്‍ മരിച്ചു
കൽപറ്റ: വയനാട്ടിലെ കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം അപകടത്തിൽപെട്ട അമ്പലവയൽ സ്വദേശി ജെൻസൻ മരണപ്പെട്ടു. മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൻ. സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിക്കും ജെൻസനുമുൾപെടെ ഒമ്പത് പേർക്കു പരിക്കേറ്റിരുന്നു.

വയനാട് ഉരുൾപ്പൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാനുണ്ടായിരുന്ന ഏക പിന്തുണയായിരുന്നു ജെൻസൺ.

ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛൻ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുൾപൊട്ടലിൽ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.

ഇന്നലെയുണ്ടായ അപകടത്തിൽ ശ്രുതിയും ജെൻസനുമുൾപെടെ 9 പേർക്കാണ് പരിക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരിക്കേറ്റു. ശിവണ്ണന്റെ സഹോദരൻ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.

ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യയ്ക്ക് നഷ്ടമായിരുന്നു. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുൾപൊട്ടലിൽ നഷ്ടമായി. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാലാണ് അന്ന് ശ്രുതി ജീവനോടെ രക്ഷപ്പെടുന്നത്. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം.

Post a Comment

أحدث أقدم