എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

(www.kl14onlinenews.com)
(25-Sep -2024)

എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ. ഇതുസംബന്ധിച്ച നിർദേശം പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിന് നൽകി. രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്.

ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ എന്തിന് സന്ദർശിച്ചെന്ന രാഷ്ട്രീയ ദുരൂഹത തുടരുന്നതിനിടെയാണ് ഒടുവിൽ സർക്കാർ അന്വേഷണത്തിന് വഴങ്ങിയിരിക്കുന്നത്

Post a Comment

Previous Post Next Post