(www.kl14onlinenews.com)
(14-Sep -2024)
ഡൽഹി: മദ്യ നയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽ മോചിതനായി. ജയിലിനു പുറത്തിറങ്ങിയ കെജ്രിവാൾ, നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ പ്രവർത്തിക്കുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്നത് തുടരുമെന്ന്, ആംആദ്മി പ്രവർത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്തു പറഞ്ഞു.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതിയാണ് അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കി. അഞ്ചര മാസത്തിനുശേഷമാണ് കേജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്.
സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കേജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേജ്‌രിവാൾ തിഹാർ ജയിലിൽ കഴിയവേ ജൂൺ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ജൂലൈ 12 ന് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.
സിബിഐ കേസിൽ ജാമ്യം ആവശ്യപ്പെട്ട് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹർജി തള്ളുകയായിരുന്നു. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. മദ്യനയ അഴിമതി കേസിൽ കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. മദ്യനയ അഴിമതി കേസിൽ 1,100 കോടിയുടെ അനധികൃത ഇടപാട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
إرسال تعليق