(www.kl14onlinenews.com)
(20-Sep -2024)
കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ യുവതിയ്ക്ക് രോഗലക്ഷണം
കൊച്ചി: കണ്ണൂരിൽ എം പോക്സ് രോഗലക്ഷണങ്ങളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബൂദബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയായ യുവതിയെ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാംപിൾ പരിശോധനയ്ക്ക് അയിച്ചു.
ഒരാഴ്ചയായി രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇന്നു രാവിലെയാണ് ആശുപത്രിയിൽ ചികിത്സതേടിയത്. മെഡിക്കൽ കോളേജിൽ ഐസോലേഷനിലാണ് ചികിത്സയിൽ കഴിയുന്നത്. ചിക്കൻ പോക്സ് ആകാമെന്നും സംശയമുണ്ട്.
യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം എം പോക്സ് സ്ഥിരീകരിച്ചിരുന്നു. 38-കാരനായ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ നിന്ന് എത്തിയപ്പോൾ തന്നെ പനിയെ തുടർന്ന് ഇയാൾ ചികിത്സ തേടുകയായിരുന്നു. എം പോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കർശന ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗ പകർച്ച
കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്
Post a Comment