(www.kl14onlinenews.com)
(10-Sep -2024)
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വർഷങ്ങൾക്കു മുമ്പേ റിപ്പോർട്ട് കിട്ടിയിട്ടും ചെറുവിരൽ അനക്കിയോ?. പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ?. 2021 ല്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടും എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ആരാഞ്ഞു. മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തുവെന്ന് കോടതി വ്യക്തമാക്കി.
എസ്ഐടിയും സർക്കാരും സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സത്യവാങ്മൂലം നൽകാനും സർക്കാരിന് നിർദേശം നൽകി. സർക്കാർ രാജ്യത്തെ നിയമം അനുസരിച്ച് പ്രവർത്തിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദേശിച്ചു. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണം. മാധ്യമ വിചാരണ പാടില്ലെന്നും കോടതി വ്യക്തമാക്കി.
റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. അന്വേഷണ സംഘം നടപടി എടുക്കണം. ഓഡിയോ ക്ലിപ് അടക്കം ഹാജരാക്കണം. എന്നിട്ടേ മുദ്ര വച്ച കവർ ഞങ്ങൾ തുറക്കൂവെന്ന് കോടതി വ്യക്തമാക്കി. കമ്മിറ്റിയെ നിയോഗിച്ചത് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് സർക്കാർ വിശദീകരിച്ചു. പരാതിക്കാരുടെയും പ്രതികളുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ എ.കെ.ജയശങ്കര്‍ നമ്പ്യാരും സി.എസ്.സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ കോടതി ഡിവിഷന്‍ ബെഞ്ച് രൂപവത്കരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നിരവധി പേരാണ് ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടുവന്നത്. മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകൻ രഞ്ജിത്, വി.കെ.പ്രകാശ് അടക്കമുള്ളവർക്കെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകി. പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു.
സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനുപിന്നാലെയാണ് സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.
നാലര വർഷങ്ങൾക്കുശേഷമാണ് സർക്കാർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ടാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്.
Post a Comment