ആദ്യ വന്ദേ മെട്രോ ട്രെയിൻ നാളെ മുതൽ സർവ്വീസ് തുടങ്ങും

(www.kl14onlinenews.com)
(16-Sep -2024)

ആദ്യ വന്ദേ മെട്രോ ട്രെയിൻ നാളെ മുതൽ സർവ്വീസ് തുടങ്ങും
അഹമ്മദാബാദ്: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹമ്മദാബാദ് - ഭുജ് പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ എത്തുക. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ബുധനാഴ്ച മുതലാണ് വന്ദേ മെട്രോയുടെ സാധാരണ സർവീസ് തുടങ്ങുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.

അഹമ്മദാബാദ് - ഭുജ് വന്ദേ മെട്രോ സർവീസ് ഒമ്പത് സ്റ്റേഷനുകളിൽ നിർത്തി 360 കിലോമീറ്റർ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമെന്ന് പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഭുജിൽ നിന്ന് പുലർച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. തിരിച്ച് അഹമ്മദാബാദിൽ നിന്ന് വൈകിട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.10ന് ഭുജിലെത്തും.

അത്യാധുനിക സൗകര്യങ്ങളുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന വന്ദേ മെട്രോയിൽ റിസർവേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ വാരാണസി - ഡൽഹി പാതയിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയുമായി ബന്ധിപ്പിച്ച് വന്ദേ ഭാരത് എക്‌സ്പ്രസിൻറെ ആറ് സർവീസുകൾക്കും തുടക്കമായി. ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് റാഞ്ചിയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുക.

Post a Comment

Previous Post Next Post