(www.kl14onlinenews.com)
(28-Sep -2024)
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം സംസ്കരിച്ചു. അർജന്റെ കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം ആയിരങ്ങൾ അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.
ഗംഗാവലി പുഴ കവർന്നെടുത്ത അർജുൻ കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ അവസാന ഉറക്കത്തിലേക്ക് പ്രവേശിച്ചു. വാർത്തകളിലൂടെ മാത്രം അർജുനെ അറിഞ്ഞ സ്ത്രീകളും കുട്ടികളുമടക്കം അയിരക്കണക്കിന് ആളുകളാണ് മൃതശരീരം ഒരുനോക്ക് കാണാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ കാർവാർ ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം പുറപ്പെടുമ്പോൾ റോഡിന്റെ ഇരുഭാഗങ്ങളിലും കണ്ണീരോടെ അർജുനെ കാത്തുനിന്നത് നിരവധി പേരാണ്.
പുലർച്ചെ നാലുമണിയോടെ അർജുന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കാസർകോട് എത്തിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലാ അതിർത്തിയിൽപ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
എട്ടുമണിയോടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിൽ എത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ത്ങിയത്. ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിലാപയാത്ര നിശ്ചയിച്ചിരുന്ന്. വിലാപയാത്ര കണ്ണാടിക്കലിൽ എത്തിയപ്പോൾ നാട്ടുകാർ കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു.
Post a Comment