അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി അവർ വീണ്ടും സ്‌കൂളിലേക്ക്

(www.kl14onlinenews.com)
(02-Sep -2024)

അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി അവർ വീണ്ടും സ്‌കൂളിലേക്ക്
കൽപ്പറ്റ: ഉരുൾ കവർന്നെടുത്ത മണ്ണിൽ അതിജീവനത്തിന്റെ മണി മുഴങ്ങി. പ്രത്യാശയുടെ പുതുകിരണങ്ങളുമായി വിദ്യാർഥികൾ സ്‌കൂളിലെത്തിയതോടെ വയനാടിന് ഇനി തിരിച്ചുവരവിന്റെ കാലം. ദുരന്തമുഖത്തെ അതിജീവിച്ചവർക്കായി വെള്ളാർമല, മുണ്ടെക്കൈ സ്‌കൂളുകളാണ് വീണ്ടും തുറന്നു. ആഘോഷമായാണ് നാട് കുട്ടികളെ വരവേറ്റത്. വെള്ളാർമല ജിവിഎച്ച്എസ് മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജിഎൽപി സ്‌കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് താത്കാലികമായി പ്രവർത്തിക്കുന്നത്.

വെള്ളാർമല സ്‌കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികൾക്കുമാണ് മേപ്പാടി ഗവ ജിഎച്ച്എസ്എസിലും മേപ്പാടി എപിജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്. പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാർഥികളുടെ വാഹന സൗകര്യമുൾപ്പടെയുള്ള സൗകര്യങ്ങൾ അധികൃതർ ഉറപ്പുവരുത്തിയിരുന്നു. പ്രത്യേക കെഎസ്ആർടിസി ബസുകളിലാണ് വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും നാട്ടുകാരും ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു.

മേപ്പാടി ജിഎച്ച്എസ്എസിൽ നടന്ന പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ദുരന്തബാധിത പ്രദേശത്തെ പുനർനിർമിക്കാനുള്ള പ്രയ്‌നത്തിലാണ് സർക്കാർ, അതിന്റെ ആദ്യ ഘട്ടമായാണ് അധ്യയനവർഷം നഷ്ടപ്പെട്ട് പോകാതിരിക്കാൻ താത്കാലിക സൗകര്യങ്ങളോടെ ക്ലാസുകൾ പുനരാംരഭിച്ചത്. തകർന്ന സ്‌കൂളുകൾ എല്ലാവിധ സൗകര്യങ്ങളോടെയും പുനർനിർമിക്കും. മന്ത്രി ശിവൻകുട്ടി പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വിദ്യാഭ്യാസ മന്ത്രി വായിച്ചു.

യോഗത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വികസന മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. ഉരുൾപൊട്ടലിൽ നഷ്ടമായ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളുടെ വിതരണം മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. യൂണിഫോം വിതരണം വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. എംഎൽഎമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم