(www.kl14onlinenews.com)
(02-Sep -2024)
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളുകയും ചെയ്തു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായിട്ടാണ്.
കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയെ തമിഴ്നാട് എതിർത്തുവരികയായിരുന്നു. അറ്റകുറ്റപണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടായിരുന്നു തമിഴ്നാടിന്റേത്.
ഇതിനിടെ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് 50 വർഷം കഴിഞ്ഞ് മതിയെന്ന നിലപാടുമായി മെട്രോമാൻ ഇ ശ്രീധരൻ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും ഇതിലൂടെ തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചാൽ പുതിയ ഡാമിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post a Comment