എ‍ഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിൻ്റെ മാത്രം ആവശ്യം: വി ശിവൻകുട്ടി

(www.kl14onlinenews.com)
(05-Sep -2024)

എ‍ഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിൻ്റെ മാത്രം ആവശ്യം: വി ശിവൻകുട്ടി
എഡിജിപി എം.ആര്‍.അജിത് കുമാറടക്കമുള്ളവര്‍ക്കെതിരെ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നത് അന്‍വറിന്‍റെ അഭിപ്രായമാണെന്നും സര്‍ക്കാരിന്‍റെ അഭിപ്രായം സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

ക്രമസമാധാന ചുമതലയില്‍ എഡിജിപി അജിത് കുമാറിനെ നിലനിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് പോലീസ് മേധാവിയാണെങ്കിലും അന്വേഷണം നടത്തുന്നത് എഡിജിപി റാങ്കിലും താഴെയുള്ള ഉദ്യോഗസ്ഥരാണ്. അജിത് കുമാറിനെതിരായ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കുന്നതില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിനെതിരായി അന്വേഷിക്കുന്നത് പ്യൂണായാരിക്കരുത് എന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്.

"അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. എഡിജിപിക്കെതിരായി വന്നിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ അന്തസ്സായി തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണം വരട്ടെ എന്നിട്ട് തീരുമാനിക്കാം/" ശിവന്‍കുട്ടി പറഞ്ഞു

ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നു. അന്‍വറോ പി.ശശിയോ ശരിയെന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

'എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പരാതിയും ആര്‍ക്കുമില്ല. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കേരളത്തിലെ സമസ്ത പ്രശ്‌നങ്ങളിലും നെഞ്ചു കൊടുത്തു നിന്ന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട്ടിലെ സംഭവങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളും നിയമാനുസൃതമായി കൈകാര്യം ചെയ്യുകയാതെന്നു മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ ആക്ഷേപം കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ. ആര്‍എസ്എസുകാര്‍ തലയ്ക്കു വില പറഞ്ഞ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയുള്ള വ്യക്തിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ഒരാള്‍ പോലും വിശ്വസിക്കില്ല. വിരോധമുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന രീതി പ്രതിപക്ഷ നേതാവ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ശിവന്‍കുട്ടി പറഞ്ഞു.

എഡിജിപി വീടു പണിയുന്നതു സംബന്ധിച്ച ചോദ്യത്തിന് ആരൊക്കെ വീടു പണിയുന്നുവെന്നതിൻ്റെ എണ്ണമെടുക്കല്‍ അല്ല എൻ്റെ ജോലി എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇപ്പോഴത്തെ വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post