സ്വർണ്ണക്കടത്ത് ബന്ധം; മുൻ എസ് പി സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം

(www.kl14onlinenews.com)
(03-Sep -2024)

സ്വർണ്ണക്കടത്ത് ബന്ധം; മുൻ എസ് പി സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട മുന്‍ എസ്.പി. എസ്. സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം. സുജിത് ദാസിന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

സുജിത് ദാസ് മലപ്പുറം എസ്.പിയായിരുന്ന സമയത്ത് നിരവധി സ്വര്‍ണക്കടത്തുകള്‍ പിടികൂടിയിരുന്നു. ഇത്തരത്തില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിൻ്റെ അളവുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വര്‍ണം പോലീസിന് എങ്ങനെ പിടികൂടാന്‍ കഴിയുന്നെന്ന കാര്യവും പരിശോധിക്കും. സുജിത് ദാസിൻ്റെ കാലത്ത് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വീണ്ടും അന്വേഷിക്കുകയും അതില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിൻ്റെ തൂക്കവും അളവും ആദ്യഘട്ടത്തില്‍ പരിശോധിക്കുകയും ചെയ്യാനാണ് കസ്റ്റംസ് നീക്കം.

സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വർണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. "അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ്, കസ്റ്റംസ് ഇവരെല്ലാം ചേർന്ന ​ഗ്രൂപ്പുണ്ട് എന്നും ആരോപണങ്ങൾ ഉയർത്തിയിരുന്നു. സുജിത് ദാസ് മുൻപ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വർണം വരുമ്പോൾ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വർണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം ഇവർ കൈക്കലാക്കും". ഇതാണ് രീതിയെന്നും പി വി അൻവർ ആരോപിച്ചിരുന്നു.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിൽ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചുള്ള ഉത്തരവിറങ്ങി. ഇന്നലെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി), ജി സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.എഡിജിപി എം ആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താതെയാണ് അന്വേഷണം നടക്കുക. ഡിജിപി നേരിട്ടാണ് അന്വേഷണം നടത്തുക.

Post a Comment

Previous Post Next Post