സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ്മ

(www.kl14onlinenews.com)
(14-Sep -2024)

സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ്മ
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖത്തിന് വിട. സമരതീഷ്ണമായ ജീവിതം ഇനി ചരിത്രതാളുകളിലേക്ക്. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതീക ശരീരം ഡൽഹി എയിംസ് ആശുപത്രിയിൽ പഠനാവശ്യത്തിനായി വിട്ടുനൽകി. സീതാറാം യെച്ചൂരി അന്ത്യനിദ്രയിലേക്ക് പ്രവേശിക്കുമ്പോൾ ഇല്ലാതാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ വേറിട്ട മുഖം കൂടിയാണ്.

ശനിയാഴ്ച രാവിലെ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ എത്തിച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.വീട്ടിൽ നിന്നും എകെജി ഭവനിലേക്കുള്ള യാത്രയിൽ മൃതദേഹത്തിനൊപ്പം ഭാര്യ സീമ ചസ്തി, വൃന്ദാകാരാട്ട്, ബിജു കൃഷ്ണൻ തുടങ്ങിയ നേതാക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. പാർട്ടി പ്രവർത്തകരുടെ നിലയ്ക്കാത്ത മുദ്രവാക്യങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് എകെജി ഭവനിൽ മൃതദേഹം ഏറ്റുവാങ്ങിയത്. പ്രിയസുഹൃത്തും സിപിഎം മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്ന പ്രകാശ് കാരാട്ട് മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരത് പവാർ, കോൺഗ്രസ് നേതാക്കളായ മണിശങ്കർ അയ്യർ, രമേശ് ചെന്നിത്തല, മുതിർന്ന ആർജെഡി നേതാവും രാജ്യസഭാ എംപിയുമായ മനോജ് ഝാ, എഎപി നേതാവ് ഗോപാൽ റായ്, മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ള, നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് റാവു തുടങ്ങി നിരവധി പ്രമുഖർ എകെജി ഭവനിലെത്തി സീതാറാം യ്യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു.

വൈകീട്ട് അഞ്ചുമണിയോടെ നിലയ്ക്കാത്ത ലാൽസലാം മുദ്രാവാക്യങ്ങൾക്കിടയിലൂടെ പ്രിയനേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എകെജി ഭവനിൽ നിന്ന് അശോക റോഡ് വരെ നീങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഇടതുപക്ഷ പ്രവർത്തകരാണ് വിലാപയാത്രയിൽ അണിനിരന്നത്. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹം പോലെ സിപിഎം നേതാക്കളും കുടുംബാഗങ്ങളും ചേർന്ന് പഠനാവശ്യത്തിനായി മൃതദേഹം എയിംസ് അധികൃതർക്കു കൈമാറി.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Post a Comment

Previous Post Next Post