(www.kl14onlinenews.com)
(29-Sep -2024)
തിരുവനന്തപുരം: കേരളത്തിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂന്നുപേരും മെഡിക്കൽ കോളേജിലാണ് ചികിൽസയിലുള്ളത്.
കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഈ മാസമാദ്യം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിരുന്നു. പത്ത് പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
നാവായിക്കുളം പഞ്ചായത്തിൽ രണ്ടാമതും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുളം, തോട് എന്നിവിടങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കണം, മലിനമായ ജലാശയങ്ങളിൽ ഇറങ്ങുകയോ ജലം ഉപയോഗിക്കുകയോ ചെയ്തവരിൽ പനി, ജലദോഷം, തലവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആളുകളിൽ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം). വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നു. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
Post a Comment