(www.kl14onlinenews.com)
(22-Sep -2024)
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം. ഷിരൂര്‍ ദൗത്യത്തില്‍ നിന്നും മടങ്ങുന്നതായി ഈശ്വര്‍ മാല്‍പെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ് ഈശ്വര്‍ മാല്‍പെ ദൗത്യത്തില്‍ നിന്ന് പിന്മാറുന്നത്.
ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മാല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മാല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ തിരച്ചിലില്‍ പങ്കാളിയാക്കാതെ മാല്‍പെയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് പിന്നാലെ അദ്ദേഹത്തെ ദൗത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു.
ഇന്ന് രാവിലെ പ്രധാനപ്പെട്ട പോയിന്റുകളിലെ തിരച്ചിലില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നാലെ മാല്‍പെ ജില്ലാ ഭരണകൂടവുമായി അഭിപ്രായ വ്യത്യാസത്തിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തിരിച്ചു പോകുകയാണെന്നും എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ലെന്നും മാല്‍പെ പറഞ്ഞു.
വലിയ ഹീറോയാകണ്ടെന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നു. ഞാന്‍ ഹീറോയാവാന്‍ വന്നതല്ല, അര്‍ജുന്റെ തിരച്ചിലിന് വേണ്ടി വന്നതാണ്. ഞങ്ങള്‍ തിരിച്ച് നാട്ടില്‍ പോകുന്നു, എല്ലവരോടും ക്ഷമ ചോദിക്കുന്നു. കുടുംബത്തെയും കുട്ടികളെയും വിട്ടാണ് ഇവിടെ വന്നത്. എന്നിട്ട് അടി ഉണ്ടാക്കി നില്‍ക്കേണ്ട ആവശ്യമില്ല. എന്താണ് സംഭവമെന്ന് അറിയില്ല. അര്‍ജുന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നു. തിരച്ചിലിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. കേരളക്കാരോട് മാപ്പ് ചോദിക്കുന്നു,' ഈശ്വര്‍ മാല്‍പെ പറഞ്ഞു.
ജില്ലാ ഭരണകൂടത്തില്‍ നിന്നും വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നുവെന്നും ആരും പണം തന്നിട്ടല്ല വന്നതെന്നും മാല്‍പെ കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ഥലവും നോക്കി, ഇന്ന് സ്‌കൂട്ടര്‍ കിട്ടിയിടത്ത് ഇനിയും തടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ പറഞ്ഞു. അനുകൂല സാഹചര്യമുണ്ടെങ്കില്‍ തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ഭരണകൂടവും ഡ്രഡ്ജർ കമ്പനിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നില്ല. കാൻവാർ എസ്പി മോശമായി പെരുമാറി. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ തിരച്ചിലിന് എത്തുകയുള്ളു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു"- മാൽപെ പറഞ്ഞു. ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അർജുൻ ദൗത്യത്തിൽ സ്വമേധയാ പങ്കാളിയായതാണ്. ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാൽപെയാണ് അർജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്.
അതേസമയം, ഈശ്വർ മാൽപെയെ തള്ളി കാൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ രംഗത്തെത്തി." മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്ന് എംഎൽഎ പറഞ്ഞു. അനുമതി നിഷേധിച്ചെന്ന് പറയുന്നത് തെറ്റാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ആളെകൂട്ടാനാണ് മൽപെയുടെ ശ്രമം. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പത്തുദിവസം തുടരും. റിട്ടയേർജ് മേജർ ജനറൽ ഇന്ദ്രബാലൻ തിങ്കളാഴ്ച ഷിരൂരിൽ എത്തും. നാവിക സംഘവും ചൊവ്വാഴ്ച തിരുരിലെത്തും"- എംഎൽഎ പറഞ്ഞു.
ഈശ്വർ മാൽപെ മടങ്ങുന്നത് തിരച്ചിലിനെ ബാധിക്കുമെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചപ്പോൾ വിവാദങ്ങൾ ഒഴിവാക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു പ്രതികരിച്ചു. "മൽപെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ തിരച്ചിൽ വേണ്ട. ഇനി എട്ടുദിവസം കൂടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്"- അഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഇന്നലെ തിരച്ചിലിൽ ലഭിച്ച അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരണം. അത് ടാങ്കര്‍ ലോറിയുടേതാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. ലോറിയുടമ മനാഫും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ തിരച്ചിലില്‍ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
നേരത്തെ പുഴയില്‍നിന്ന് അക്കേഷ്യ മരക്കഷണങ്ങള്‍ മല്‍പെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.വെള്ളിയാഴ്ച ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് ഡ്രജര്‍ കമ്പനിയുമായുള്ള കരാര്‍. നാളെ ഈ കരാർ അവസാനിക്കും. ഡ്രഡ്ജറിന്റെ വാടക ഒരു കോടി രൂപ കർണാടക സർക്കാർ വഹിക്കും.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാൻ കഴിയാത്തതിനാൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാൽ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്നം. പിന്നീട് കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്
Post a Comment