ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ

(www.kl14onlinenews.com)
(02-Sep -2024)

ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎല്‍എ കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ അറിയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി.വി. അന്‍വറിന് പിന്നാലെയാണ് ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ സ്വതന്ത്ര എം എൽ എയും രംഗത്തെത്തുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെടി ജലീലിൻ്റെ പ്രഖ്യാപനം.

ഒന്നാം പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീല്‍ തവനൂരില്‍ നിന്നുള്ള എംഎല്‍എയാണ്

"ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സി.പി.എം സഹയാത്രികനായി തുടരും. സി.പി.എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യുടെ അവസാന അദ്ധ്യായത്തില്‍" ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ അന്‍വറിനെ പിന്തുണച്ചുകൊണ്ട് ജലീല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നേരത്തെ ജലീല്‍ അറിയിച്ചിരുന്നു.

പാര്‍ലമെന്‍ററി പ്രവര്‍ത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാന്‍ നന്നേ പാടാണ്. പലപ്പോഴും റഫറന്‍സിന് സമയം തികയാതെ വരും. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിന്‍റെ സിംഹഭാഗവും പിന്നിട്ടു. നടന്നുതീര്‍ത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം." ജലീല്‍ പറഞ്ഞു

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എം.എല്‍.എ. രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എസ് പി സുജിത് ദാസിനെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു

Post a Comment

Previous Post Next Post