മുഖ്യമന്ത്രി കള്ളനാക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങി, പടച്ചോന്‍ ഒപ്പം നിന്നു, സ്വര്‍ണക്കടത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ; പി വി അന്‍വര്‍

(www.kl14onlinenews.com)
(29-Sep -2024)

മുഖ്യമന്ത്രി കള്ളനാക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങി, പടച്ചോന്‍ ഒപ്പം നിന്നു, സ്വര്‍ണക്കടത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ; പി വി അന്‍വര്‍

മുഖ്യമന്ത്രിയ്‌ക്കെതിരെ ഉള്‍പ്പെടെ നടത്തിയ അതിരുകടന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷം നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി ആഭ്യന്തരവകുപ്പിനെതിരെ ആരോപണം തുടര്‍ന്ന് പി വി അന്‍വര്‍. പൊലീസിന് സ്വര്‍ണം പൊട്ടിക്കലില്‍ പങ്കുണ്ടെന്ന ആരോപണം അന്‍വര്‍ ഇന്ന് കുറച്ചുകൂടി രൂക്ഷമായി ആവര്‍ത്തിച്ചു. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എത്ര വിദഗ്ധമായി സ്വര്‍ണം പാക്ക് ചെയ്താലും കസ്റ്റംസിന്റെ കൈയിലുള്ള യന്ത്രത്തില്‍ ഇത് ഡിറ്റക്ട് ചെയ്യുമെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇതിന് കണ്ണടച്ചുകൊടുക്കുന്നു. തുടര്‍ന്ന് സുജിത് ദാസിന്റെ പൊലീസ് ഇത് പിടിക്കുകയും കൊണ്ടുപോയി ഉരുക്കുകയും ചെയ്യും. സ്വര്‍ണപ്പണിക്കാരാന്‍ ഉണ്ണി ധനികനായത് എങ്ങനെയെന്ന് അന്വേഷിച്ചാല്‍ പൊലീസിന് ഇത് കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്‍വര്‍ പറഞ്ഞു. ‘ ഞാന്‍ പുറത്തുവിട്ട വിഡിയോയിലെ ക്യാരിയേഴ്‌സ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. അവരോട് അന്വേഷിച്ചോ. ഇല്ലല്ലോ. ഇപ്പോള്‍ അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിലാണ് കേസ്. നടക്കട്ടേ. നമ്മുക്ക് നോക്കാം. അന്‍വര്‍ പറഞ്ഞു. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയിലാണെന്നും പൊലീസില്‍ 25% ക്രിമിനലുകളാണെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ പ്രതീക്ഷിച്ചതിലും വലിയ ജനാവലിയ്ക്ക് മുന്നില്‍ പുഷ്പന് ആദരമര്‍പ്പിച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. മുന്‍ സിപിഐഎം നേതാവ് ഇ എ സുകുവാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. തന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ ഓം ശാന്തിയെന്ന് പറഞ്ഞാണ് തന്റെ പ്രസംഗം ആരംഭിച്ചത്. മത വിശ്വാസി ആയത് കൊണ്ട് വര്‍ഗീയ വാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവന്‍ ആണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു

കേരളത്തിലെ ജനമൊരു പാർട്ടിയായാൽ ഒപ്പമുണ്ടാകും: പി വി അൻവർ

നിലമ്പൂർ: സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരണത്തിൽ വിശദീകരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. താൻ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവിൽ താൻ മരിച്ചുവീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. യുവാക്കൾ പിന്മാറരുതെന്നും അദ്ദേഹം പറഞ്ഞു

ഞാൻ ഒരു പാർട്ടിയും ഉണ്ടാക്കുന്നില്ല. എന്നെ പല പാർട്ടികളിലേക്കും ക്ഷണിക്കുന്നുണ്ട്. കേരളത്തിലെ ജനം ഒരു പാർട്ടിയായി മാറിയാൽ അവരോടൊപ്പം ഞാനുണ്ടാകും. എന്തിനാണ് ഞാനിത്ര റിസ്ക് എടുക്കുന്നുത്. എനിക്ക് എന്താണ് ലാഭം. സകല നേതാക്കന്മാരെയും മന്ത്രിസഭയ്ക്കകത്തും പുറത്തും അരച്ചുകലക്കി. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. കള്ളക്കേസുകൾ കൊടുത്തു എന്റെ സ്വത്ത് ഇല്ലാതാക്കി.

കക്കാടംപൊയിൽ പാർക്ക് പ്രവർത്തിപ്പിക്കുന്നതിന് പ്രശ്നമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് കൊടുത്തതാണ്. ചില സ്ഥലങ്ങൾ സ്റ്റെബിലൈസ് ചെയ്യണം എന്ന് മാത്രമാണ് പറഞ്ഞത്. ഇത് സംബന്ധിച്ച പ്ലാൻ വരച്ച് മുഖ്യമന്ത്രിക്ക് കൈമാറിയിട്ട് ഒരാഴ്ചയായി. ഈ സമയത്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്.

ഒരു ഐപിഎസ് ഉദ്യോ​ഗസ്ഥൻ കാലിൽ കിടന്ന് ചുറ്റുകയാണ്. ഞാൻ നിങ്ങളുടെ കീഴിൽ 25 കൊല്ലം സേവനം നിന്നോളാമെന്ന്. എല്ലാ കാര്യങ്ങളിലും എന്നോട് ചേദിക്കുന്നു. ഞാനാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങൾക്കൊക്കെ തോന്നില്ലേ. ജനങ്ങൾക്ക് കുറച്ചുകൂടി വില ഉണ്ടാവില്ലേ. ഇതിന് തെളിവുണ്ടാക്കാൻ നടന്നതിന്‌ ഇനി ഞാൻ ജയിലിലേക്കാണ് പോവുന്നത്. നാളെ ഈ നാട്ടിലെ ഏതെങ്കിലുമൊരു തെരുവിൽ ഞാൻ വെടികൊണ്ട് വീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ദയവായി പിന്തിരിയരുത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ല. പക്ഷേ സംഘപരിവാർ ഇന്ന് പ്ലാൻ ചെയ്ത് നടത്തിവരുന്ന കാര്യങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന സമയത്താണ് നമ്മൾ പ്രതികരിക്കേണ്ടത്.

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ വലിയ സുഖം ഉണ്ടാകില്ല. കേൾക്കാൻ നല്ല രസമാണ്. വർഗീയ കലാപം ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ വലുതാണ്. ബിജെപി അതിനുള്ള ആസൂത്രണം തുടങ്ങി. അൻവറിനെ വർഗ്ഗീയവാദിയാക്കാൻ നടക്കില്ല. ചാപ്പ കുത്താൻ നോക്കിയാൽ നടക്കില്ല', പി വി അൻവർ പറഞ്ഞു.

Post a Comment

Previous Post Next Post