പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിൽ ഭിന്നത; പുനഃസംഘടന ആവശ്യപ്പെട്ട് വനിതാ നിർമ്മാതാക്കൾ രംഗത്ത്

(www.kl14onlinenews.com)
(11-Sep -2024)

പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിൽ ഭിന്നത; പുനഃസംഘടന ആവശ്യപ്പെട്ട് വനിതാ നിർമ്മാതാക്കൾ രംഗത്ത്
പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്നാവശ്യപ്പെട്ട് വനിതാ നിര്‍മ്മാതാക്കൾ രംഗത്ത്. സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെയാണ് സാന്ദ്ര തോമസും ഷീല കുര്യനും രംഗത്തെത്തിയത്. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ഇരുവരും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയുടെ ഉപ സംഘടനയാണോ എന്നും ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവും. സംഘടനയില്‍നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.വിഷയങ്ങൾ ഉന്നയിക്കുന്നവരെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും സാന്ദ്ര പറഞ്ഞു.

15 വര്‍ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷൻ്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര പറഞ്ഞു. സംഘടന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള്‍ നേരിടുന്നതെന്നും സാന്ദ്ര പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തൻ്റെ കുട്ടികള്‍ക്കുള്‍പ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയില്‍ കൂടിയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളില്‍ നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു കത്ത് നല്‍കുകയുണ്ടായി. ഈ കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലേ?' ഇരുവരും കത്തിൽ ചോദിച്ചു.

"ഈയിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേര്‍ന്ന് ഒരു സ്വകാര്യ ചാനലില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല. പുറമേ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതില്‍ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ പറയാന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബാഹ്യശക്തികളാണ് അസോസിയേഷന്‍ നിയന്ത്രിക്കുന്നത് എന്നാണ് ഈ ഇടപെടലുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്". സാന്ദ്ര തോമസ് പറഞ്ഞു.

Post a Comment

Previous Post Next Post