(www.kl14onlinenews.com)
(29-Sep -2024)
കോട്ടയം: ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിനു ശ്രമിച്ചുവെന്നാണ് അൻവറിനെതിരായ കേസ്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പി.വി.അൻവര്‍ രംഗത്തെത്തി. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ മറുപടി നിലമ്പൂരിലെ യോഗത്തിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന്, കറുകച്ചാൽ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.
പി.വി.അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അൻവര്‍ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ തന്റെ അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്.
പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കി പൊലീസ്
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്താണ് പിക്കറ്റ് പോസ്റ്റ് ആരംഭിച്ചത്. ഒരു ഓഫീസര്‍ മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ അപേക്ഷ നല്‍കിയിരുന്നു.
രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും നിയോഗിക്കുന്നതിനും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. പിക്കറ്റ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലമ്പൂര്‍ സബ് ഡിവിഷന്‍ ഓഫീസര്‍ നിരീക്ഷിക്കേണ്ടതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണെന്നും സ്റ്റേഷന്‍ നൈറ്റ് പട്രോള്‍ ഉദ്യോഗസ്ഥരും സബ്ഡിവിഷന്‍ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പി ഉത്തരവിട്ടു.
Post a Comment