(www.kl14onlinenews.com)
(26-Sep -2024)
അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
ഷിരൂർ (കർണാടക): കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചശേഷം മൃതദേഹം ഇന്നു വൈകിട്ടോ നാളെയോ കുടുംബാംഗങ്ങൾക്കു വിട്ടു നൽകും. അർജുന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്. അസ്ഥിയുടെ ഒരു ഭാഗമാണ് പരിശോധനയ്ക്കായി എടുത്തത്. ഇത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. കർവാർ ആശുപത്രിയിലാണ് അർജുന്റെ മൃതദേഹമുള്ളത്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും. അതിനുള്ള ചെലവ് പൂർണമായും സർക്കാർ വഹിക്കും. 72 ദിവസത്തിനുശേഷമാണ് ഗംഗാവലി പുഴയിൽനിന്ന് അർജുന്റെ മൃതദേഹവും ലോറിയും ലഭിച്ചത്. ജൂലൈ 16 ന് മംഗളൂരു–ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.
അർജുൻ ഓടിച്ചിരുന്ന ലോറി ഇന്നു പൂർണമായും കരയിലേക്കും കയറ്റും. ഇന്നലെ ക്രെയിനിലെ വടം പൊട്ടിയതാണ് ദൗത്യം അവസാനിപ്പിക്കാൻ കാരണം. ട്രക്കിൽ ഇന്നു കൂടുതൽ പരിശോധനയും നടക്കും. കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post a Comment