(www.kl14onlinenews.com)
(25-Sep -2024)
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു. വാഹനം അർജുന്റേതെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
അർജുന്റെതെന്നു കരുതുന്ന മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡിഎൻഎ പരിശോധനഫലം വന്നശേഷം മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ജില്ല കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്നും കലക്ടർ പറഞ്ഞു.
ക്രയിൻ ഉപയോഗിച്ചാണ് വാഹനം കരയ്ക്കുകയറ്റിയത്. ഇന്നു രാവിലെ മുതൽ ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രാവിലെ 10 മണിയോടെ വാഹന സാനിധ്യം തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. അർജുനും ലോറിയും കാണാതായി 72 ദിവസം പിന്നിടുമ്പോഴാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
ജൂലൈ 16 രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് അർജുനും ലോറിയും കാണാതായത്. ബെലഗാവിയിലെ ഡിപ്പോയില്‍നിന്ന് മരത്തടി കയറ്റിയുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
പുഴയുടെ 12 മീറ്ററോളം താഴ്ചയിൽ നിന്നാണ് ലോറി ഉയർത്തിയെടുത്തത്. പൂർണമായും തകർന്ന നിലയിലായിരുന്നു ലോറിയുടെ ക്യാബിൻ. സിപി 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തത്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ നദിയിൽ നിന്നു കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാഗങ്ങൾ പുറത്തെത്തിച്ചത്. അതേസമയം, അർജുനൊപ്പം കാണാതായ മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുമെന്നാണ് വിവരം.
إرسال تعليق