(www.kl14onlinenews.com)
(20-Sep -2024)
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. പരാതികളിൽ അന്വേഷണം അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി വി അൻവർ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. എഡിജിപിയെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എഡിജിപിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം പോയത് പരാതിയിൽ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. സംസ്ഥാനത്ത് പാരലൽ അന്വേഷണം നടക്കുന്നുണ്ട്. പരാതിയിൽ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകൾ നൽകിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി വി അൻവർ പറഞ്ഞു. എഡിജിപിക്കൊപ്പം നിൽക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു.
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി ഫയലുകൾ പിടിച്ചുവെച്ച് പൊതുസമൂഹത്തിൽ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വീണ്ടും വീണ്ടും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കൽ സെക്രട്ടറിയുടേത്. സർക്കാരിനെതിരെ വിമർശനമുണ്ടാക്കാനാണ് ഫയൽ എട്ട് ദിവസം പിടിച്ചുവച്ചതെന്നും പി വി അൻവർ എംഎൽഎ പറഞ്ഞു
പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാർട്ടി പറയട്ടെ ബാക്കിയെന്നും പി ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശി മറ്റാരുടെയെങ്കിലും ചാരനാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
Post a Comment