(www.kl14onlinenews.com)
(19-Sep -2024)
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും. ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്ത് ഇന്നലെ എത്തിച്ചിരുന്നു. ഇന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാനാണ് നീക്കം. ഡ്രഡ്ജർ ഷിരൂരിൽ എത്തിയാലുടൻ ദൗത്യം ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കാലാവസ്ഥ അനുകൂലമായതിനാൽ തിരച്ചിൽ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദൗത്യ സംഘം കരുതുന്നത്.
ടഗ് ബോട്ടുകളിൽ ഘടിപ്പിച്ചാണ് ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിർത്തിവെച്ചിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചിൽ നടത്തുക.
അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കുവേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനൊപ്പം ലോറിയും കാണാതാവുന്നത്. ഓഗസ്റ്റ് പതിനാറിനാണ് അർജുനായുള്ള തിരച്ചിൽ നിർത്തിവച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.
അർജുന്റെ കുടുംബം തിരച്ചിൽ പുനഃരാരംഭിക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ പുനഃരാരംഭിക്കാൻ ആരംഭിച്ചത്.
Post a Comment