മരണം വരെ ചെങ്കൊടി തണലിൽ; ഫേസ്ബുക്ക് പോസ്റ്റുമായി പി.വി അൻവർ

(www.kl14onlinenews.com)
(01-Sep -2024)

മരണം വരെ ചെങ്കൊടി തണലിൽ; ഫേസ്ബുക്ക് പോസ്റ്റുമായി പി.വി അൻവർ
മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാറിനും, ആഭ്യന്തര വകുപ്പിനും സംസ്ഥാന പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. മരണം വരെ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്നാണ് പി.വി അൻവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

'പി.വി.അൻവർ എന്ന എന്നെ, ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം. പാർട്ടി അംഗത്വമില്ല. പക്ഷേ, സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും,' പി.വി അൻവർ കുറിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ശേഷമാണ് എംഎൽഎയുടെ പ്രതികരണം.

എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് വിശേഷിപ്പിച്ചായിരുന്നു ഞായറാഴ്ച പി.വി അൻവർ വാർത്താസമ്മേളനം നടത്തിയത്. "എം.ആർ അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു. അദ്ദേഹം ചെയ്തു കൂട്ടിയ കാര്യങ്ങൾ ആ ലെവലിലേക്ക് പോകണമെങ്കിൽ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതിൽ ആകർഷിക്കപ്പെട്ടവർക്കേ കഴിയൂ," പിവി അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർ മുഖ്യമന്ത്രി വിശ്വസിച്ച ഉത്തരവാദിത്തമേൽപ്പിച്ചവരാണ്. എന്നാൽ മുഖ്യമന്ത്രി ഏൽപ്പിച്ച വലിയ ദൗത്യം ഇവർ സത്യസന്ധമായി നിർവഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകൾ തന്റെ കയ്യിലുണ്ട്.

നവകേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട്ട് നടന്ന ചടങ്ങിൽ ഒരു പ്രശ്നമുണ്ടായില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഏതാനും യൂട്യൂബർമാർക്ക് മാത്രമാണ് പ്രശ്നമുണ്ടായത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളാതെ സർക്കാരിനെയും പാർട്ടിയെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിന്റെ ഒരു വിഭാഗം," അൻവർ കുറ്റപ്പെടുത്തി.

"പല പൊലീസ് ഓഫീസർമാരുടേയും ഫോൺകോളുകൾ ചോർത്തിയിട്ടുണ്ട്. ഇതിൽ ചിലത് ടെലികാസ്റ്റ് ചെയ്തു. ഇനിയും ഒരുപാട് ടെലികാസ്റ്റ് ചെയ്യാനുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വന്നതിന്റെ ഗതികേട് ജനങ്ങൾക്ക് മനസ്സിലാകും. പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്യേണ്ടി വന്നതാണ്.ചില ഓഫീസർമാർ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യവിരുദ്ധമായ, ദേശവിരുദ്ധമായ, സാമൂഹ്യവിരുദ്ധമായ പ്രവൃത്തികൾ ജനങ്ങളെയും, സർക്കാരിനെയും, പാർട്ടിയെയും ബോധ്യപ്പെടുത്താൻ ഇതല്ലാതെ മാർഗമില്ലാത്തതു കൊണ്ടാണ് ഫോൺകോളുകൾ ചോർത്തേണ്ടി വന്നത്. അതുകൊണ്ട് കേരള ജനതയോട് ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുകയാണ്," പി.വി അൻവർ പറഞ്ഞു

Post a Comment

Previous Post Next Post