മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്‍റെ മോഹം നടക്കില്ല: പി.വി.അൻവർ

(www.kl14onlinenews.com)
(27-Sep -2024)

മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ ശ്രമിച്ചു, പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന റിയാസിന്‍റെ മോഹം നടക്കില്ല: പി.വി.അൻവർ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വിമർശിച്ച് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചുവെന്നും താൻ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും അൻവർ പറഞ്ഞു. തന്നെ കള്ളക്കടത്തുകാരനാക്കാൻ നോക്കിയാൽ അംഗീകരിക്കില്ല. പിണറായി വിജയൻ തന്നെ കുറച്ച് കാണാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''പാര്‍ട്ടിയിലെ രണ്ടാമൻ ആകണമെന്ന് റിയാസിന് മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ല. ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. ഞാൻ ഇപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നത്,'' അൻവർ പറഞ്ഞു.

പി.ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ടും നടപടി ഉണ്ടായില്ല. ഞാൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

അതിനിടെ, അൻവറിനെതിരെ എന്ത് നടപടിയാകും പാർട്ടി സ്വീകരിക്കുകയെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അൻവറുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് സൂചന.

Post a Comment

أحدث أقدم