(www.kl14onlinenews.com)
(27-Sep -2024)
മലപ്പുറം: സി.പി.എമ്മിനെതിരെ തുറന്ന പോരിനിറങ്ങിയ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ ഭാഗികമായി പിന്തുണച്ച് തവനൂര്‍ എം.എല്‍.എ. കെ.ടി. ജലീല്‍ രംഗത്ത്. എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസില്‍ വര്‍ഗീയവത്കരണം നടക്കുന്നുണ്ടെന്ന് ജലീൽ.
അജിത്ത് കുമാറിനെതിരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്. ഇത് ഞാന്‍ നേരത്തേ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയ്ക്കും ചില കാര്യങ്ങള്‍ അതിലുണ്ട് എന്നതിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ അത് അന്വേഷിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കിയത്. അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കകം അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. -ജലീല്‍ പറഞ്ഞു. എ.ഡി.ജി.പിയെ കുറിച്ച് പറഞ്ഞതിനപ്പുറം അന്‍വര്‍ പറഞ്ഞ കാര്യങ്ങളോടുള്ള തന്റെ പ്രതികരണം ഒക്ടോബര്‍ രണ്ടാം തിയ്യതി മാധ്യമങ്ങളോട് പറയുമെന്നും ജലീല്‍ കൂട്ടിച്ചേർത്തു.
പൊലീസിനെതിരായ ആക്ഷേപങ്ങളിൽ സർക്കാരിന് ബോധ്യമുള്ളതു കൊണ്ടാണ് സർക്കാർ അന്വേഷണത്തിന് മുതിർന്നത്. രാജ്യത്ത് തന്നെ മിക്കയിടത്തും പൊലീസിനെ വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. എഡിജിപി ഒരിക്കലും ആർഎസ്എസ് നേതാക്കളെ കാണാൻ പാടില്ലായിരുന്നു. തന്റെ പിന്തുണ തേടിയല്ല അൻവർ രംഗത്ത് വന്നത്. അൻവർ പറഞ്ഞത് ശരിയാണ്, പിന്തുണ നൽകാമെന്ന് അൻവറിനെ വിളിച്ച് പറഞ്ഞിട്ടുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ചില കാര്യങ്ങളൊക്കെ അൻവറുമായി സംസാരിച്ചിട്ടുണ്ട്. അൻവറിനെ മാത്രമല്ല മുൻപ് മന്ത്രി വി. അബ്ദുറഹ്മാനെ ശക്തമായി പിന്തുണച്ചിരുന്നു. തനിക്ക് ബോധ്യമാണെന്ന് തോന്നുന്ന കാര്യങ്ങളിൽ ഇനിയും പിന്തുണ നൽകും. ഇടതു സഹയാത്രികനായി തുടരുമോ എന്നത് ഉൾപ്പടെ ഒക്ടോബർ രണ്ടിന് ശേഷം പറയും', കെ ടി ജലീൽ പറഞ്ഞു.
Post a Comment