ലൈംഗിക അതിക്രമക്കേസ്; സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഹർജി നാളെ നൽകിയേക്കും

(www.kl14onlinenews.com)
(24-Sep -2024)

ലൈംഗിക അതിക്രമക്കേസ്; സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഹർജി നാളെ നൽകിയേക്കും
കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്‍റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.

സിദ്ദിഖ് അറസ്റ്റിലായേക്കും: നടന് മുമ്പിൽ ഇനി എന്ത്‌?

കൊച്ചി: ലൈംഗികാതിക്രമണ പരാതിയിൽ നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ തള്ളിയതോടെ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് സിദ്ദിഖ്. നിലവിൽ ഹൈക്കോടതി സിങ്കിൾ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യപേക്ഷ തള്ളിയത്. ലൈംഗികാതിക്രമണ പരാതി ആയതിനാൽ തന്നെ വിധിയിൽ അപ്പീലുമായി സിദ്ദിഖിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ല. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് സിദ്ദിഖിന് സുപ്രീം കോടതിയിലാണ് അപ്പീൽ നൽകാൻ കഴിയുന്നത്.

നിലവിൽ സിദ്ദിഖിന് മുമ്പിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി നിയമ നടപടികൾ സ്വീകരിക്കുക അല്ലെങ്കിൽ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ സമീപിച്ച് വിധിവരും വരെ കാത്തിരിക്കുക.

എന്നാൽ, ഇതിനിടയിൽ പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള നിയമനടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഹൈക്കോടതി വിധി പകർപ്പ് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ അഭിഭാഷകൻ മുഖേന സുപ്രീം കോടതിയെ സമീപിക്കാനാകു. ഇതിന് സമയം എടുക്കും. ഇതുവരെ ഒളിവിൽ കഴിയുക അല്ലാതെ സിദ്ദിഖിന് മുമ്പിൽ മറ്റ് മാർഗങ്ങളില്ല.

സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കാട്ടിയാണ് ജ്യാമപേക്ഷ തള്ളിയത്. 2016ൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിദ്ദിഖിനെതിരെ പോക്സോ അടക്കം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

നടിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. പരാതിക്കാരിയായ യുവനടി, സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. 2012-ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നാണ് സിദ്ദീഖിന്റെ ആരോപണം.

എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു.

കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ്. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതിൽ നിയമ നടപടികൾക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നൽകിയത്.

Post a Comment

أحدث أقدم