(www.kl14onlinenews.com)
(28-Sep -2024)
തീരാനോവായി അര്‍ജുന്‍; വീട്ടുവളപ്പില്‍ നിത്യനിദ്ര,
കോഴിക്കോട്: കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തി അര്‍ജുന്‍ യാത്രയായി. സാധാരണക്കാരായ മനുഷ്യരും രാഷ്ട്രീയക്കാരുമടക്കം വന്‍ ജനാവലിയാണ് അര്‍ജുനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴികള്‍ ഇന്നവന്റെ അന്ത്യയാത്രയ്ക്കാണ് സാക്ഷിയായത്. തന്റെ ഏറ്റവും പ്രീയപ്പെട്ട വീട്ടിലാണ് അര്‍ജുന് വേണ്ടി ചിതയൊരുക്കിയത്.
ഒരുപിടിസ്വപ്നങ്ങളുമായി വീടിന്റെ പടിയിറങ്ങിയ അര്‍ജുന്‍ തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരമായാണ്. അന്നവര്‍ അറിഞ്ഞിരുന്നില്ല അത് അര്‍ജുന്റെ അവസാന യാത്രയായിരുന്നുവെന്ന്. ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലും പേമാരിയിലും പെട്ട് ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ അര്‍ജുനും അവന്റെ ലോറിയും ഉറങ്ങിയത് 72 ദിവസങ്ങളാണ്. ഗംഗാവലി പുഴയുടെ 12 മീറ്റര്‍ താഴ്ചയില്‍ നിന്നുമാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തത്. ലോറിയുടെ ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും ഉണ്ടായിരുന്നു
75 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അര്‍ജുനെ അവസാനമായി ഒരുനോക്ക് കാണാനായി കന്‍വാര്‍ മുതല്‍ കോഴിക്കോട് വരെ വഴിയോരങ്ങളില്‍ കണ്ണീരോടെ ജനസാഗരമാണ് കാത്തുനിന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി അര്‍ജുന്‍ തന്റെ മണ്ണില്‍ അന്തിയുറങ്ങുന്നു. അര്‍ജുനേ.. നീ എല്ലാവരുടെയും ഓര്‍മകളില്‍ ഇനി ജീവിക്കും.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രക്കാണ് കോഴിക്കോട് കണ്ണാടിക്കൽ ഗ്രാമം സാക്ഷ്യം വഹിക്കുന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ കണ്ണീർക്കടലായി മാറി. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് ജനസാഗരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി.
കണ്ണാടിക്കൽ മുതൽ വീട്ടിലേക്ക് നടത്തിയ പദയാത്രയ്ക്ക് മുന്നില്‍ മന്ത്രി എ കെ ശശീന്ദ്രനും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎല്‍എയും തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും നടന്നു. സാധാരണക്കാരന് കേരളം നല്‍കിയ ആ അനിതരസാധാരണ യാത്രയയപ്പിനെ കേരളക്കരയാകെ ഹൃദയം കൊണ്ട് അനുഗമിച്ചു. ഈശ്വർ മാൽപയും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
ഒന്‍പത് മണിയോടെ അര്‍ജുന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്ത് വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ആയിരക്കണക്കിനാളുകള്‍ അര്‍ജുനെ കാണാന്‍ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ പശ്ചാത്തലത്തില്‍ പൊതുദര്‍ശനം നീളാനാണ് സാധ്യത. വീട്ടിലേക്ക് അര്‍ജുനെ എത്തിച്ചതോടെ ഇല്ലാ ഇല്ലാ മരിക്കുന്നില്ല എന്ന മുദ്രാവാക്യം മുഴക്കി നാട്ടുകാര്‍ അഭിവാദ്യമർപ്പിച്ചു.
ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം തുടരുകയാണ്.
إرسال تعليق