ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച കേസിൽ അമ്മ രേഷ്മയ്ക്ക് പത്തുവർഷം തടവും 50,000 രൂപ പിഴയും

(www.kl14onlinenews.com)
(06-August -2024)

ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച കേസിൽ അമ്മ രേഷ്മയ്ക്ക് പത്തുവർഷം തടവും 50,000 രൂപ പിഴയും
കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു കൊലപ്പെട്ട കേസിൽ കുട്ടിയുടെ മാതാവായ പ്രതി രേഷ്മയ്ക്ക് പത്ത് വർഷം തടവ്. കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. ജുവൈനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

പ്രതി കുറ്റക്കാരിയാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷാവിധി പറയുകയായിരുന്നു. 2021 ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ രേഷ്മ, വീട്ടുകാർ അറിയാതെ കുട്ടിയെ സമീപത്തെ റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടി യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഡിഎൻഎ പരിശോധനയിലൂടെയാണ് കുട്ടി രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് ചുമത്തിയത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകൾ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭർത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയൽക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന പ്രതിയുടെ ഭർത്താവ് വിഷ്ണു പിന്നീട് കോടതിയിൽ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭർത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡിഎൻഎ ഫലം കോടതി അംഗീകരിക്കുകയായിരുന്നു.

പാരിപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന എ അൽജബാർ, ടി സതികുമാർ, ഇൻസ്പെക്ടർമാരായ എൻ അനീസ, എസ് രൂപേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി മുണ്ടയ്ക്കലും ഡി ഷൈൻദേവും ഹാജരായി. വനിതാ സിവിൽ പൊലീസ് ഓഫീസർ മഞ്ചുഷ പ്രോസിക്യൂഷൻ സഹായിയായി.

Post a Comment

Previous Post Next Post