(www.kl14onlinenews.com)
(05-August -2024)
തിരച്ചിൽ ഏഴാം നാൾ, ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 387 ആയി,ചാലിയാറിൽനിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രാവിലെ തുടങ്ങി. 180 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗിക കണക്കനുസരിച്ച് 387 പേരാണ് ദുരന്തത്തിൽ മരിച്ചത്. റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍റെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച മേഖലയിൽ ഇന്ന് പ്രത്യേകം തിരച്ചിൽ നടത്തും.
ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 1500 പേരെ മാത്രമാണ് ഇന്നു കടത്തി വിടുക. ഇവർക്ക് പ്രത്യേക പാസ് നൽകും. അതേസമയം, വയനാട്ടിലെ സ്കൂളുകൾ ഇന്നു തുറന്ന് പ്രവർത്തിക്കും. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീയാണ് അറിയിച്ചത്.
വയനാട് ദുരന്തത്തിൽ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോടെ ഇന്നലെ സംസ്കരിച്ചു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് ആയിരുന്നു സംസ്കാരം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശ പ്രകാരമാണ് സംസ്കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കരിച്ചത്.
Post a Comment