(www.kl14onlinenews.com)
(21-August -2024)
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്ന് വയസുകാരിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തി. കുട്ടിയെ കാണാതായ 37മണിക്കൂറിന് ശേഷമാണ് കണ്ടെത്തുന്നത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ പിന്നീട് റെയിൽവേ പോലീസിന് കൈമാറി.
ചെന്നൈ താബരത്ത് നിന്ന് ഗുവഹാത്തിയിലേക്ക് പോയ ട്രെയിനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ ബർത്തിൽ ഉറങ്ങികിടക്കുന്ന നിലയിൽ പതിമൂന്നുകാരിയെ കണ്ടെത്തിയത്. ഭക്ഷണകഴിക്കാത്തതിനാൽ കുട്ടി അവശനിലയിലായിരുന്നെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും വൈദ്യസഹായം ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.നേരത്തെ കുട്ടി കന്യാകുമാരിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ സഞ്ചരിച്ചെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് നിന്നുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിരുന്നു. രാവിലെ ഏഴുമണിയോടെയാണ് കുട്ടി ചെന്നൈയിൽ എത്തിയതെന്നാണ് പോലീസ് നിഗമനം.
വ്യാപക തിരച്ചിലിനൊടുവിൽ കണ്ടെത്തി
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശിയുടെ മകളെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. ചൊവ്വാഴ്ച അമ്മയോട് പിണങ്ങി കുട്ടി വീട്ടിൽ നിന്നിറങ്ങിയെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതി. രക്ഷിതാക്കൾ ജോലിക്ക് പോയി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപാണ് കുട്ടിയും കുടുംബവും കഴക്കൂട്ടത്ത് താമസത്തിന് എത്തിയത്.
കുട്ടി കന്യാകുമാരിയിലേക്ക് പുറപ്പെട്ടെന്ന വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയെന്ന് നിഗമനത്തിൽ പോലീസ് എത്തിചേർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബംഗളുരു- കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്.റെയിൽവേ സ്റ്റേഷന് സമീപത്തായി ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
അതിനിടെ പതിമൂന്നുകാരി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയത്. പ്ലാറ്റ് ഫോമിൽ നിന്ന് കുപ്പിയിൽ വെള്ളം ശേഖരിച്ച ശേഷം അതേ ട്രെയിനിൽ കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതിനിടെ കുട്ടി കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട വിവേക് എക്‌സ്പ്രസിൽ കയറി നാട്ടിലേക്ക് പോയതായും പോലീസ് സംശയിച്ചു. വിവേക് എക്‌സ്പ്രസ് കേന്ദ്രീകിച്ച് നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. അതിനിടെ,കുട്ടി തന്റെ അടുക്കൽ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു.
അന്വേഷണം ചെന്നെയിലേക്ക്
മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടി ചെന്നെയിലേക്ക് പുറപ്പെട്ടെന്ന് പോലീസ് കണ്ടെത്തിയത്. നാഗർകോവിലിൽ നിന്ന് ചെന്നൈ - എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ഇതേ തുടർന്ന് കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.പെൺകുട്ടി ചെന്നൈയിൽ നിന്നും ഗുഹാവത്തിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടൽ. ഇതിനിടയിലാണ് ചെന്നൈയിൽ നിന്ന് ഗുവഹാത്തിയിലേക്ക് പോയ ട്രെയിനിൽ നിന്ന് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ കണ്ടെത്തുന്നത്.
Post a Comment