ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ: പ്രചരിപ്പിച്ചത് 300-ൽ അധികം വീഡിയോ; വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

(www.kl14onlinenews.com)
(30-August -2024)

ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ: പ്രചരിപ്പിച്ചത് 300-ൽ അധികം വീഡിയോ; വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തുകയും വീഡിയോകൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കുകയും ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധം.

സംഭവവുമായി ബന്ധപ്പെട്ട് അവസാന വർഷ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുഡ്‌വല്ലേരു കോളേജ് ഓഫ് എഞ്ചിനീയറിംഗിൻ്റെ കാമ്പസ് ഹോസ്റ്റലിനുള്ളിൽ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയതിന് പിന്നാലെ കാമ്പസിലെ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർന്നത്. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി ഹോസ്റ്റലിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

ക്യാമറയിൽ പതിഞ്ഞ ചില വിഡിയോകൾ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രചരിപ്പിച്ചതും പ്രകോപനം രൂക്ഷമാക്കി. എങ്ങനെയാണ് വീഡിയോകൾ പ്രചരിച്ചതെന്നും ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുകയും ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

സംഭവത്തിൽ, അവസാന വർഷ ബി. ടെക്ക് വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയിൽ പകർത്തിയെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച വൈകീട്ട് വിദ്യാർഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടർന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. തുടർന്ന്, വ്യാഴാഴ്ച വൈകീട്ട് മുതൽ വിദ്യാർഥിനികൾ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തിൽ രോഷാകുലരാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം.

Post a Comment

أحدث أقدم