(www.kl14onlinenews.com)
(26-August -2024)
കൊച്ചിയിൽ(Kochi) നടി ആക്രമിക്കപ്പെട്ട(Actress attack case) കേസിൽ ദിലീപിന്(Dileep) അനുകൂലമായി 21 താരങ്ങൾ മൊഴി മാറ്റിയതായി റിപ്പോർട്ട്. നടൻ സിദ്ദിഖ്, നാദിർഷ, ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ എന്നിവരടക്കമുള്ള താരങ്ങളാണ് കൂറുമാറിയത്. പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് മാറ്റിയത്. ഈ മൊഴികൾ കേസിന്റെ ഗതി നിർണയിക്കുന്നതാണ്. റിപ്പോർട്ടർ ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
'ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നു. അവൾ എന്റെ കുടുംബം തകർത്തവളാണ്, ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞു.' തുടങ്ങിയ മൊഴികളാണ് നടി ഭാമ പൊലീസിന് നൽകിയിരുന്നത്. എന്നാൽ പിന്നീട് കോടതിയിൽ മൊഴി മാറ്റി.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് എഎംഎംഎ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖും പൊലീസിന് മൊഴി നൽകി. കൊച്ചിയിലെ എഎംഎംഎ റിഹേഴ്‌സിൽ ക്യാമ്പിൽ ദിലീപ് ഈ കാര്യം പറഞ്ഞിരുന്നു.
ആക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞു. ഇതോടെ പ്രശ്‌ന പരിഹാരത്തിന് താൻ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.
ഇത് കൂടാതെ നടി ബിന്ദു പണിക്കരും പൊലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂര്‍വ്വ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബിന്ദു പണിക്കർ വിശദീകരിച്ചിരുന്നു. പിന്നീട് ബിന്ദു പണിക്കറും കോടതിയില്‍ സാക്ഷിമൊഴി മാറ്റി പറഞ്ഞു. ബിന്ദു പണിക്കര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം തന്റെ റോളുകൾ ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നുവെന്നും ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇടവേള ബാബു പൊലീസിൽ നൽകിയ മൊഴി. പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്നാണ് നാദിർഷ നൽകിയ മൊഴി. ജയിലിനകത്ത് നിന്നാണ് പൾസർ സുനി നാദിർഷയെ വിളിച്ചത്. എന്നാല്‍ ഇദ്ദേഹവും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു.
Post a Comment