(www.kl14onlinenews.com)
(06-August -2024)
ഡൽഹി: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. അതേസമയം, ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്‍റിലെ പ്രസ്താവനയിൽ അറിയിച്ചു. നിലവില്‍ ഡൽഹിയിൽ തുടരുകയാണ് ഷെയ്ഖ് ഹസീന.
ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യുകെ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കുന്നത്. സുരക്ഷിതമായി ആദ്യം എത്തുന്ന രാജ്യത്താണ് അഭയം തേടേണ്ടത്. നിലവിലെ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് താല്‍ക്കാലിക അഭയം യുകെയില്‍ ഒരുക്കാനാവില്ല. അഭയം നല്‍കാമെന്ന് പറഞ്ഞ് ആരേയും ക്ഷണിക്കാനാവില്ലെന്നും യു കെ ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി. അതേസമയം, കലാപം ശക്തമായതിന് പിന്നാലെ പെട്ടെന്നാണ് ഇന്ത്യയിലേക്ക് എത്തണമെന്ന് ഷെയ്ഖ് ഹസീന അറിയിച്ചതെന്ന് വിദേശ കാര്യമന്ത്രി ലോക്സഭയെയും രാജ്യസഭയേയും അറിയിച്ചു. എന്നാല്‍ ഷെയ്ഖ് ഹസീന അഭയം തേടിയോയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല.
ബംഗ്ലാദേശിലെ ഇന്ത്യന്‍ സമൂഹവുമായി നയന്ത്രമാര്‍ഗങ്ങളിലൂടെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. 19000 പേരുള്ളതില്‍ 9000 പേര്‍ വിദ്യാര്‍ത്ഥികളാണ്. അവരില്‍ ഭൂരിപക്ഷവും മടങ്ങിയെത്തിയിട്ടുണ്ട്. ക്രമസമാധാനനില സാധാരണമാകും വരെ ആശങ്കയുണ്ടെന്നും അതിര്‍ത്തി സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബംഗ്ലാദേശിലെ കലാപത്തില്‍ പാകിസ്ഥാന് പങ്കുണ്ടോയെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് തല്‍ക്കാലം മറുപടി പറയാനാവില്ലെന്നായിരുന്നു വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. ഷെയ്ഖ് ഹസീന എത്രനാൾ ഇന്ത്യയിൽ തുടരും എന്നത് വ്യക്തമല്ല. ഹസീന വന്ന എയർഫോഴ്സ് വിമാനം രാവിലെ സുരക്ഷ നല്‍കി മടക്കി അയച്ചിരുന്നു. ഹിന്ദു ക്ഷേത്രങ്ങൾക്കും ഇന്ത്യൻ സാംസാകാരിക കേന്ദ്രങ്ങൾക്കും നേരെ അക്രമം നടന്നത് ഏറെ ആശങ്കയോടെ കേന്ദ്ര സർക്കാർ കാണുന്നത്.
Post a Comment