(www.kl14onlinenews.com)
(31-August -2024)
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ കുടുങ്ങിയ കൊല്ലം എംഎൽഎ എം മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാർട്ടി ഒന്നടങ്കം മുകേഷിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും. കേസുകളുടെ പേരിൽ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട്. യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടിയും വിഷയത്തിൽ പാർട്ടി പ്രതിരോധം തീർത്തു.
അതേസമയം, യൂത്ത് കോൺഗ്രസ് കൊല്ലത്ത് മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെയാണ് മാർച്ചിൽ സംഘർഷമുണ്ടായത്. "ഇത്രയേറേ ആരോപണങ്ങളുയർന്നിട്ടും എം.മുകേഷ് എം.എൽ.എ.രാജിവയ്ക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി"പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശപ്രകാരം കുറ്റക്കാർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
إرسال تعليق