(www.kl14onlinenews.com)
(12-August -2024)
വയനാട്ടിലെ ഉരുൾപൊട്ടൽ(Wayanad Landslide) ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ(search) തുടരുന്നു. അതേസമയം ചാലിയാറിൽ ഇന്ന് തെരച്ചിൽ ഉണ്ടാകില്ലെന്നാണ് വിവരം. ഇന്നലെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യൻ്റേതാണോയെന്ന് വ്യക്തമാകൂ. ഇതിനിടെ ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവയുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ന് മുതൽ ഫലങ്ങൾ പരസ്യപ്പെടുത്തും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും.
ഇതിനിടെ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തുന്നുണ്ട്. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്കായി താൽക്കാലിക പുനരധിവാസം ഉറപ്പാക്കാനുള്ള അതിവേഗ നടപടികളാണ് സർക്കാർ നടത്തുന്നത്. 250ൽ അധികം വീടുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
അതേസമയം കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. പ്രദേശത്തെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തി റിപ്പോര്‍ട്ട് നൽകും. ഈ റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഡ്രോൺ പരിശോധന ഇന്നും തുടരും. നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്.
വാടകവീടുകള്‍ സര്‍ക്കാര്‍ സജ്ജമാക്കും
കൽപറ്റ: വയനാട് ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎൻഎ ടെസ്റ്റുമായി ബന്ധപ്പെട്ട ഫലങ്ങൾ ഇന്നലെ മുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൂർണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭ്യമാകും. ഇതോടെ കൂടുതൽ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരിൽ ബന്ധുവീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടകവീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകൾ ഇപ്പോൾ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് മാസത്തിൽ തന്നെ ക്യാംപുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം സർക്കാർ ഉറപ്പുവരുത്തും. അതിന്റെ വാടക സർക്കാർ നിശ്ചയിച്ച് കൊടുക്കും. ക്യംപിലുള്ളവർ സ്വന്തം നിലയ്ക്ക് വീടന്വേഷിച്ച് ബുദ്ധിമുട്ടേണ്ടന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെ ഗൃഹോപകരണങ്ങളുടെ ആവശ്യം കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ പുനരധിവസിപ്പിക്കേണ്ടവരെ പങ്കാളികളാക്കാനുള്ള സാധ്യത പരിഗണിക്കുമെന്നും മന്ത്രി ലൈവത്തോണില്‍ പറഞ്ഞു.
Post a Comment