കേരളത്തിന്റെ മാപ്പുണ്ട്‌, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌, ഇനിയും വേണോ മാപ്പ്: പി.വി അൻവർ

(www.kl14onlinenews.com)
(21-August -2024)

കേരളത്തിന്റെ മാപ്പുണ്ട്‌, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌, ഇനിയും വേണോ മാപ്പ്: പി.വി അൻവർ
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പൊതുവേദിയിൽ അധിക്ഷേപിച്ച സംഭവം വിവാദമായതിന് പിന്നാലെ, എംഎൽഎ പി.വി അൻവർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നും, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ പറഞ്ഞു.

മാപ്പു പറയണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെ ഇതിനോട് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് പി.വി അൻവർ. "കേരളത്തിന്റെ മാപ്പുണ്ട്‌.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്‌.. നിലമ്പൂരിന്റെ മാപ്പുണ്ട്‌.. ഇനിയും വേണോ മാപ്പ്‌" എന്ന് പരിഹസിച്ചുകൊണ്ടാണ് അൻവറിന്റെ പ്രതികരണം. മാപ്പുകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെയാണ് വേദിയിൽ വെച്ച് പി.വി അൻവറിന്റെ​ അധിക്ഷേപകരമായ പ്രസ്ഥാവന. ഐപിഎസ് ഓഫീസർമാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്.

ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതിൽ റിസർച്ച് നടത്തുകയാണ് അവർ. സർക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിൻറെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോൾ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്‌പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു.

അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ എസ്‌പി ആലോചിക്കണം. ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കിൽ ജനം ഇടപെടും," അൻവർ പറഞ്ഞു. എംഎൽഎയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‌പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.

Post a Comment

أحدث أقدم