(www.kl14onlinenews.com)
(16-August -2024)
കൊച്ചി: കൊൽക്കത്തയിൽ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ).ശനിയാഴ്ച രാജ്യവ്യാപകമായി സൂചനാപണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ പിറ്റേദിവസം ആറുവരെ നീണ്ടുനിൽക്കുന്ന 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്.ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. എന്നാൽ അടിയന്തര സേവനങ്ങൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് ഐഎഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ ആക്രമണം തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎഎ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ സമരം
സംസ്ഥാനത്ത് യുവ ഡോക്ടർമാർ വെള്ളിയാഴ്ച ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ്r ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി കെജിഎംഒഎ വെള്ളിയാഴ്ച കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു
Post a Comment