വയനാട്ടിലെ ദുരിത ബാധിതരെ ക്യാമ്പിൽ നിന്നും മാറ്റും; ഊർജ്ജിതമായി തിരച്ചിൽ നടത്തും: മുഖ്യമന്ത്രി

(www.kl14onlinenews.com)
(07-August -2024)

വയനാട്ടിലെ ദുരിത ബാധിതരെ ക്യാമ്പിൽ നിന്നും മാറ്റും; ഊർജ്ജിതമായി തിരച്ചിൽ നടത്തും: മുഖ്യമന്ത്രി
താൽക്കാലിക പുനരധിവാസം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടവും മുൻകൈയ്യെടുക്കുകയാണ്. ഇതിനായി കെട്ടിടങ്ങൾ കണ്ടെത്താൻ നടപടി തുടങ്ങിയതായി മന്ത്രി കെ രാജൻ പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സർക്കാർ - സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചയ്ക്കകം കണ്ടെത്താനാണ് സർക്കാരിൻ്റെ തീരുമാനം. സ്കൂളുകളിലെ ക്യാമ്പിൽ കഴിയുന്നവരെ കൂടുതൽ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ശ്രമമിക്കുന്നത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം ഈ കെട്ടിടങ്ങളിലായിരിക്കും.

കാണാതായവരുടെ വിവരശേഖരണം ഊർജ്ജിതമായി നടക്കുന്നുണ്ട്. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ നോക്കി പരിശോധന നടക്കുന്നുണ്ട്. ദുരന്തമുണ്ടായ മേഖലയിൽ വാസയോഗ്യമായ കെട്ടിടങ്ങൾ എത്ര എണ്ണം ബാക്കിയുണ്ടെന്ന് അറിയാൻ ദുരന്തനിവാരണ വകുപ്പ് ഇന്ന് മുതലാണ് പരിശോധന നടത്തുന്നത്. കെട്ടിടങ്ങൾ സന്ദർശിച്ച് തറ, ഭിത്തി, മേൽക്കൂര എന്നിവയുടെ ബലം പരിശോധിക്കും. എത്രമാത്രം കെട്ടിടാവശിഷ്ടങ്ങളുണ്ടെന്നും അവ നിലവിലെ കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തും. ഇവിടെ ആരോഗ്യപരമായി താമസിക്കാനാകുമോ എന്നും പരിശോധിക്കും.

10 സംഘങ്ങളെയാണ് പരിശോധനയക്ക് നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തംഗം, ജിയോളജിസ്റ്റ്, സിവിൽ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, തഹസിൽദാരുടെ പ്രതിനിധി എന്നിവരാണ് സംഘത്തിലുണ്ടാവുക. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ റിപ്പോർട്ടുകൾ പരിശോധിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുക. കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്.

ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുകയാണ്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ 398 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന
നടത്താനാണ് ആലോചന.

ഇതുവരെ തിരിച്ചറിയാത്ത 218 മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്നലെ തെരച്ചിൽ നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്കാരത്തിന് കൂടുതൽ സ്‌ഥലം സർക്കാർ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. ‍ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്തുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മാറ്റാനായി മറ്റു സ്ഥലം കണ്ടെത്തും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാുള്ള നടപടി ആരംഭിക്കും. തെരച്ചിലിൽ തുടർ നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നൽകാൻ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേർക്ക് ഇത് വരെ കൗൺസിലിംഗ് നൽകിയെന്നും കുട്ടികളുടെ മാനസിക സംഘർഷം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാർ മല സ്കൂൾ പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പിൽ തന്നെ അതേ പേിൽ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിർത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ ഊർജിതമായ തിരച്ചിലും നിരീക്ഷണവും നടക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല് നിലമ്പൂർ വരെ ചാലിയാൽ കേന്ദ്രീകരിച്ചും ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു സൈന്യം, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരെയാണ് തിരച്ചിലിനായി നിയോ​ഗിച്ചിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല് വരെയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായ ഭാ​ഗത്ത് പ്രത്യേകിച്ച് സൺറൈസ് വാലി പോലെയുള്ള സ്ഥലങ്ങളിൽ ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തകരെ എത്തിച്ചത്. പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. നാട്ടുകാരിൽ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ട്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ചാലിയാറിന്‍റെ ഇരുകരകളിലും വനമേഖലയിലും തിരച്ചിൽ ശക്തമാക്കാൻ നേവി, കോസ്റ്റ്ദാർഡ് എന്നിവരുമായി ചർച്ച ചെയ്യും. മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. ക്യാമ്പുകളിൽ നൽകുന്ന ഭക്ഷണത്തിന്‍റെ ​ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ക്യാമ്പിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ മറ്റ് മാർ​ഗങ്ങൾ സ്വീകരിക്കുമെന്നും സ്കൂളുകളിൽ ഉടൻ തന്നെ ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെതൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 30 മുതല്‍ (05.08.2024 ) വൈകുന്നേരം 5  മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അന്‍പത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് രൂപയാണ് (53,98,52,942 ). പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post