(www.kl14onlinenews.com)
(21-August -2024)
തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും. നിലവിൽ പ്ലാനിങ്ങ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഓഗസ്റ്റ് 31നാണ് വേണു വിരമിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
നിലവിലെ ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരൻ. സംസ്ഥാനത്ത് ആദ്യമായാണ് ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. നേരത്തേയും ദമ്പതികൾ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രമാചന്ദ്രൻ പത്മാ രാമചന്ദ്രൻ, ബാബു ജേക്കബ് ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ്സെക്രട്ടറിമാരായ ദമ്പതിമാരാണ്. എന്നാൽ ഭർത്താവ് വിരമിച്ചതിന് തൊട്ടുപിന്നാലെ അതേ സ്ഥാനത്തേക്ക് എത്തുന്ന അത്യപൂർവ്വ സംഭവം ഇതാദ്യമാണ്.
സംസ്ഥാനത്തെ അൻപതാമത് ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായിരുന്നു പത്മരാമചന്ദ്രൻ. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരൻ.
Post a Comment