(www.kl14onlinenews.com)
(29-August -2024)
ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരുഭാഗം മാത്രമാണ് പുറത്തുവന്നതെന്നും തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും സാഹിത്യകാരൻ ടി പത്മനാഭൻ പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'വെള്ളിത്തിരയിലെ വിലാപങ്ങൾ' ചർച്ച ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഹേമാ കമ്മിഷൻ എന്നതിന് പകരം ഹേമാ കമ്മിറ്റിയാക്കിയത് തന്നെ ആദ്യപാപമാണ്. കമ്മിഷൻ ആയിരുന്നെങ്കിൽ കേസെടുക്കാനും ശിക്ഷിക്കാനും കഴിയുമായിരുന്നു. നാലരവർഷമാണ് ഹേമാകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നത്. എന്തിനാണ് അങ്ങനെ ചെയ്തത്. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും ഒരിക്കലും ഒരുമിച്ച് ഓടാനാകില്ല. പറയുന്നത് ഇരയ്‌ക്കൊപ്പമെന്നാണെങ്കിലും ഫലത്തിൽ അങ്ങനെയല്ല കാണുന്നത്.നാലരവർഷം മുമ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പഠിച്ചില്ലെന്നും കണ്ടില്ലെന്നുമാണ് സാംസ്‌കാരിക മന്ത്രി പറയുന്നത്. എന്തൊരു നിഷ്‌കളങ്കമായ സത്യപ്രസ്താവനയാണിത്"-പത്മനാഭൻ കുറ്റപ്പെടുത്തി.
" വിവരാവകാശ കമ്മിഷന്റെ നിർദേശത്തെ തുടർന്ന് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിലെ ആദ്യപേജുകൾ ഇപ്പോഴും ഇരുട്ടിലാണ്. അതിലാണ് വലിയ തിമിംഗലങ്ങളെപറ്റിയുള്ള പ്രസ്താവനകൾ ഉള്ളത്. അവ ഇപ്പോഴും ഇരുട്ടിലാണ്. ഇപ്പോൾ പുറത്തുവിട്ട ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ തെറിച്ചുവീണത്. ഇപ്പോൾ പുറത്തുവന്ന ബിംബങ്ങളിൽ എനിക്ക് അടുത്തറിയാവുന്നവരും ഉണ്ട്. അവരിൽ ചിലരുടെ കൃതിക്ക് അവതാരിക എഴുതാനുള്ള ദൗർഭാഗ്യമോ ഭാഗ്യമോ എനിക്ക് ഉണ്ടായിട്ടുണ്ട്".-പത്മനാഭൻ പറഞ്ഞു. എല്ലാ കാർഡുകളും മേശപ്പുറത്ത് വെക്കണമെന്നും എങ്കിൽ മാത്രമേ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം വരികയുള്ളെന്നും അദ്ദേഹം പറഞ്ഞു
അതിജീവിതയായ നടിയുടെ ധീരമായ പരിശ്രമമാണ് ഹേമാകമ്മിറ്റി റിപ്പോർട്ടിന് പിന്നിലുള്ളത്. 'യുവനടിയെ അക്രമിച്ച കേസ് എങ്ങും എത്തിയില്ല.കോടതിയിൽ നിന്നുതന്നെ പ്രധാനപ്പെട്ട രേഖകൾ മാഞ്ഞുപോകുന്നു. പിന്നീട് തിരികെ വരുന്നു. ആ ബഹളത്തിലാണ് നിവൃത്തിയില്ലെന്ന് കണ്ടപ്പോൾ ഹേമാകമ്മിറ്റി ഉദയം ചെയ്യുന്നത്. ധീരയായ പെൺകുട്ടിയുടെ പരിശ്രമം ആണിത്"- അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമയുൾപ്പെട്ട കമ്മിറ്റിയെ ടി പത്മനാഭൻ അഭിനന്ദിച്ചു. "ജസ്റ്റിസ് ഹേമയെ എനിക്കറിയല്ല. പക്ഷെ ആ മഹതി തന്നെ എൽപ്പിച്ച ജോലി സ്തുത്യർഹമായി നിർവ്വഹിച്ചു. നാമെല്ലാവരും അവരോട് കടപ്പെട്ടിരിക്കുന്നു."-അദ്ദേഹം പറഞ്ഞു.യോഗത്തിൽ ഡിസിസി പ്രസിഡന്റെ മുഹമ്മദ് ഷിയാസ് അധ്യക്ഷനായി. ഉമാ തോമസ് എംഎൽഎ, അഡ്വ ശിവൻ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment