പോലീസിന്റെ മികവ് പരിശോധിക്കാൻ എടിഎമ്മിൽ മോഷണശ്രമം: യുവാവ് അറസ്റ്റിൽ

(www.kl14onlinenews.com)
(05-August -2024)

പോലീസിന്റെ മികവ് പരിശോധിക്കാൻ എടിഎമ്മിൽ മോഷണശ്രമം: യുവാവ് അറസ്റ്റിൽ
കുമ്പള: കേരള പോലീസിന്റെ മികവ് പരിശോധിക്കാനായി പരീക്ഷണത്തിനിറങ്ങിയ യുവാവ്‌ എടിഎം മോഷണശ്രമ കേസിൽ പിടിയിലായി. മൊഗ്രാൽ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്‌. കഴിഞ്ഞ 31-നാണ് സംഭവം. മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.

പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ്‌ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച വൈകീട്ടുതന്നെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് പറയുന്നത്: നാലു വർഷമായി ഗൾഫിലായിരുന്ന പ്രതി നാട്ടിൽ വന്നതിനുശേഷം ജോലിയൊന്നുമില്ലാതെ കറങ്ങുകയായിരുന്നു.

റോബിൻഹുഡ് സിനിമകളുടെ ആരാധകനായ യുവാവ് പോലീസിന്റെ മികവ് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി തിരഞ്ഞെടുത്തത് സ്വന്തം നാട്ടിൽ തന്നെയുള്ള എ.ടി.എം. കേന്ദ്രവും. അറസ്റ്റ് ചെയ്യുമ്പോൾ യുവാവിന്റെ കൈയിൽ കത്തിയുണ്ടായിരുന്നു. മോഷണശ്രമത്തിന് ഉപയോഗിച്ച മുട്ടി, സ്‌ക്രൂ ഡ്രൈവർ എന്നിവ പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കുമ്പള ഇൻസ്പെക്ടർ കെ.പി.വിനോദ്കുമാറിനൊപ്പം സിവിൽ പോലീസുദ്യോഗസ്ഥരായ വിനോദ്, മനോജ്, മനു, സുഭാഷ്, പ്രമോദ്, ചന്ദ്രൻ, ഗോകുൽ എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post